Calicut Rain | കോഴിക്കോട്ട് തീവ്ര മഴ ; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കടല്‍ ക്ഷോഭത്തില്‍ വ്യാപക നാശനഷ്‌ടം - ക്യാമ്പുകള്‍ സുസജ്ജം
കോഴിക്കോട് : കാലവർഷം ശക്തമായതിന് പിന്നാലെ ജില്ലയില്‍ കടൽക്ഷോഭവും രൂക്ഷമായി. വാക്കടവിലും കപ്പലങ്ങാടിയിലും കടുക്ക ബസാറിലുമുണ്ടായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി.തീരദേശവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കടല്‍ ഭിത്തി തകര്‍ന്നയിടങ്ങളിലാണ് വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടായത്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാപ്പാട് ബീച്ചിലേക്കുള്ള റോഡ് പൂര്‍ണമായും തകർന്നു. റിസോർട്ടിന് സമീപത്തെ റോഡ് കടലെടുത്തതോടെ ഗതാഗതം തടസപ്പെട്ടു. നഗര പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് 20 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ക്കായി തെരച്ചില്‍:കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ പ്രധാന പുഴയായഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് അപകടമാംവിധം ഉയര്‍ന്നു. പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. കാരക്കുറ്റി സ്വദേശി ഉസന്‍കുട്ടിയെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. കൊടിയത്തൂർ തെയ്യത്തും കടവില്‍ വച്ചാണ് ഉസന്‍കുട്ടി ഒഴുക്കില്‍പ്പെട്ടത്. എൻഡിആർഎഫും ഫയർഫോഴ്‌സും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.
ക്യാമ്പുകള്‍ സുസജ്ജം :മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത സാധ്യത മേഖലയിലുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 64 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് സഹായം തേടുന്നതിനായി 5 കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി :ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ നാളെ (ജൂലൈ 6) ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിക്കും. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.