Punnala Sreekumar On Cast Discrimination : ജാതി വിവേചനം : മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര മൗനമെന്ന് പുന്നല ശ്രീകുമാർ - മന്ത്രി കെ രാധാകൃഷ്‌ണൻ
Published : Sep 21, 2023, 9:20 PM IST
കോട്ടയം :ക്ഷേത്രത്തിൽ നിന്ന്ജാതി വിവേചനം നേരിട്ട സംഭവത്തിൽ (Cast Discrimination Against Minister) ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ മൗനമാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ (Punnala Sreekumar On Cast Discrimination). സംഭവത്തിൽ സർക്കാർ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കോട്ടയത്ത് ആവശ്യപ്പെട്ടു. കുറ്റക്കാരെ പൗരോഹിത്യ ചുമതലകളിൽ നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണം. ക്ഷേത്ര പൂജാരിയെ മാറ്റിനിർത്താൻ മലബാർ ദേവസ്വം ബോർഡ് തയ്യാറാകണം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് 36 അബ്രാഹ്മണ ശാന്തിമാരെ കേരളത്തിൽ നിയമിച്ച് വിപ്ലവം നടത്തിയെന്ന് അവകാശപ്പെടുന്ന പാർട്ടിയും ഭരണവുമാണ് ഇന്ന് സംസ്ഥാനത്ത് നിലവിലുള്ളത്. അത്തരത്തിൽ വിപ്ലവത്തിന് നേതൃത്വം കൊടുത്ത പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിച്ച് കേരള സമൂഹത്തിന് മുന്നില്‍ മാതൃക സൃഷ്‌ടിക്കണം. ശാന്തിമാരെ നിയമിക്കുന്ന വിജ്‌ഞാപനത്തിൽ മലയാള ബ്രാഹ്മണരെ മാത്രം ഉൾക്കൊള്ളിക്കുന്ന രീതി ഒരു പുരോഗമന സർക്കാരിന് ചേര്‍ന്നതല്ല. കേരളത്തിലെ പട്ടികജാതി കമ്മിഷൻ വന്ധ്യംകരിക്കപ്പെട്ടതാണെന്നും പുന്നല ശ്രീകുമാർ കുറ്റപ്പെടുത്തി.