PT 7 Out Of Cage For Eye Treatment : കൂട് വിട്ടിറങ്ങി പിടി 7, പുറത്തിറക്കിയത് കാഴ്‌ചക്കുറവിന് ചികിത്സ നല്‍കാന്‍ - പിടി 7 കാട്ടാന
Published : Sep 8, 2023, 8:53 AM IST
പാലക്കാട് :ഏഴ് മാസം നീണ്ട കൂട്ടിലെ വാസത്തിന് ശേഷം പിടി 7 പുറത്തിറങ്ങി (PT 7 Out Of Cage For Eye Treatment). നഷ്ടപ്പെട്ട കണ്ണിന്‍റെ കാഴ്‌ച വീണ്ടെടുക്കുന്നതിന് ചികിത്സ നൽകാനാണ് വനം വകുപ്പ് പിടി 7നെ പുറത്തിറക്കിയിരിക്കുന്നത്. ധോണി എന്ന പേരിലാണ് പിടി 7 (PT 7) അറിയപ്പെടുന്നത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയുടെ നേതൃത്വത്തിലാണ് ആനയെ പുറത്തിറക്കിയത്. നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്ന പിടി 7നെ കഴിഞ്ഞ ജനുവരി 22നാണ് മയക്കുവെടി വച്ച് പിടികൂടുന്നത്. തുടര്‍ന്ന് കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ അരുൺ സക്കറിയയും സംഘവും ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നാലെയാണ് പിടി 7നെ വനം വകുപ്പ് കൂട്ടിലാക്കിയത്. ഇതിനിടയിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം പിടി 7നെ സന്ദർശിച്ചു. ഇടതുകണ്ണിന്‍റെ കാഴ്‌ച നഷ്ടപ്പെട്ട വിവരം വനം വകുപ്പ് റിപ്പോർട്ടായി ഈ സംഘത്തിന് നൽകുകയും ചെയ്‌തു. കാഴ്‌ച ശക്തി തിരിച്ച് കിട്ടുന്നതിനായി വനം വകുപ്പ് ചികിത്സ നൽകി വരികയായിരുന്നു. വിദഗ്‌ധ ചികിത്സയ്‌ക്കായാണ് പിടി 7നെ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.