ഇടുക്കിയിൽ അരിക്കൊമ്പൻ വിദഗ്‌ധ സമിതിയുടെ നടപടികളിൽ പൊറുതിമുട്ടി ജനം; കൊളുക്കുമല ട്രക്കിങ് നിരോധിക്കാൻ നീക്കം, വ്യാപക പ്രതിഷേധം
ഇടുക്കി :അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ നടപടികളിൽ വ്യാപക പ്രതിഷേധം. സമിതിയുടെ ശുപാർശ പ്രകാരം ആനയിറങ്കലിലെ ബോട്ടിങ് നിരോധിച്ചതിന് പിന്നാലെ കൊളുക്കുമല ട്രക്കിങ്ങും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നിൽ വനം വകുപ്പിന്‍റെ ഗൂഢനീക്കമാണെന്നാണ് ആരോപണം. നിർമാണ നിരോധനം ഉൾപ്പെടെ ജില്ലയിലെ ജനവാസ മേഖലയ്‌ക്ക് കൂച്ചു വിലങ്ങിടുന്ന നിരവധി ഉത്തരവുകളാണ് സമിതി ഇറക്കിയിട്ടുള്ളത്. ഇത് നിലവിൽ കൊളുക്കുമലയിലെ ട്രക്കിങ് നിരോധിക്കാനുള്ള നീക്കത്തിലെത്തി നിൽക്കുകയാണ്. ട്രക്കിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് വിദഗ്‌ധ സമതി കൺവീനർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലേയ്‌ക്ക് നടത്തുന്ന ജീപ്പ് സവാരി പരിസ്ഥിതി സന്തുലനാവസ്ഥയ്‌ക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് സമിതിയുടെ കണ്ടെത്തൽ. ട്രക്കിങ് നിരോധിക്കാനുള്ള സമിതിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നു വരുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓർഗാനിക് ടീ എസ്റ്റേറ്റാണ് കൊളുക്കുമല. 140 ലധികം ജീപ്പുകൾ ഇവിടേയ്‌ക്ക് ട്രക്കിങ് നടത്തുന്നുണ്ട്. ഇവരുടെ ജീവിത മാർഗത്തിന് പുറമെ ടൂറിസം ഡെവലപ്‌മെന്‍റ് സെന്‍ററിനും ഡിടിപിസിയ്‌ക്കും ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാകുന്നുണ്ട്. കൂടാതെ ട്രക്കിങ്ങിനായി എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്ന നിരവധി ചെറുകിട കച്ചവടക്കാരും പ്രദേശത്തുണ്ട്. ട്രക്കിങ് നിരോധിച്ചാൽ അത് ഇത്തരക്കാർക്കെല്ലാം കനത്ത തിരിച്ചടിയാകുമെന്നാണ് ജനങ്ങളുടെ വാദം. ജില്ലയെ വനമായി മാറ്റാൻ, വനം വകുപ്പിന്‍റെ നിർദേശപ്രകാരമാണ് വിദഗ്‌ധ സമിതിയുടെ നീക്കമെന്നും ആക്ഷേപം നിലനിൽക്കുകയാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ ഇത്തരത്തിലുള്ള നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുമെന്നും സൂചനയുണ്ട്.