കിളികൊല്ലൂര്‍ കസ്റ്റഡി മര്‍ദനം: പൊലീസ് ഭീഷണിപ്പെടുത്തുന്നു, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതിക്കാരൻ
കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് മര്‍ദനക്കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പരാതിക്കാരനായ വിഘ്‌നേഷ്. വിവാദമുണ്ടായി ആറ് മാസങ്ങൾക്കിപ്പുറവും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായും മര്‍ദനമേറ്റ യുവാവ് പറഞ്ഞു.
വ്യാജ കേസിൽപ്പെടുത്തി കിളികൊല്ലൂര്‍ പൊലീസ് വിഘ്നേഷിനെ തല്ലിച്ചതച്ച മുറിപ്പാടുകൾ ഇതുവരെയും മാഞ്ഞിട്ടില്ല. മര്‍ദനക്കേസ് അന്വേഷണം അട്ടിമറിച്ച് മുറിവിൽ ഉപ്പുതേക്കാൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുവെന്നാണ് യുവാവിന്‍റെ ആരോപണം. ഇതിനിടയിലാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ഭീഷണിയും ഉയർത്തുന്നത്.
പൊലീസ് മര്‍ദനം വിവാദമായി ആറു മാസങ്ങൾക്കിപ്പുറവും പ്രാഥമിക അന്വേഷണം മാത്രമാണ് ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കിയതെന്നും ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നുമാണ് വിഘ്നേഷിന്‍റെ പരാതി.
തുടക്കത്തിൽ ഒത്തുതീര്‍പ്പിനാണ് ഇവർ ശ്രമിച്ചതെന്നും ഇതിന് തയ്യാറാകാത്തതോടെ നേരത്തെയെടുത്ത വ്യാജ കേസിൽപ്പെടുത്തി അകത്തിടുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് യുവാവിന്‍റെ ആരോപണം. പൊലീസ് അസോസിയേഷന്‍റെ ഉന്നത നേതാക്കളും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് യുവാവ് ആരോപിക്കുന്നു.
അന്വേഷണ സംഘത്തിൽ നിന്നും നീതി കിട്ടിയില്ലെങ്കിൽ കോടതിയെ ഇക്കാര്യങ്ങൾ അറിയിക്കാനാണ് യുവാക്കളുടെ തീരുമാനം. അതേസമയം വിഘ്നേഷിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല.
2022 ഓഗസ്റ്റ് 25 നാണ് കരിക്കോട് സ്വദേശിയായ വിഘ്നേഷിനേയും സൈനികനായ സഹോദരൻ വിഷ്‌ണുവിനേയും കിളികൊല്ലൂര്‍ പൊലീസ് വ്യാജ എംഡിഎംഎ കേസിൽ പെടുത്തുകയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്‌തത്.