Petrol Pump Attack In Vazhakode : മൊബൈല്‍ ഉപയോഗം വിലക്കി, വാഴക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം ; ദൃശ്യം പുറത്ത് - kerala news updates
Published : Oct 17, 2023, 10:57 AM IST
തൃശൂര്‍ : വാഴക്കോട് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഓട്ടുപാറ സ്വദേശി ഷിഹാബുദ്ദീനാണ് (39)പിടിയിലായത്. ജീവനക്കാരനായ ജയശങ്കറിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഞായറാഴ്‌ച (ഒക്‌ടോബര്‍ 15) രാത്രി 12 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം (Petrol Pump Attack In Vazhakode). പെട്രോള്‍ അടിക്കാനെത്തിയ ഷിഹാബുദ്ദീനോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ തലയ്‌ക്ക് പരിക്കേറ്റ ജയശങ്കര്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പ് അടച്ചിട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരത്തെ പെട്രോള്‍ പമ്പിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പമ്പില്‍ യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. രാജേഷ് കുമാറിനാണ് പരിക്കേറ്റത്. യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ സംഘം പമ്പിന്‍റെ ഓഫിസിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചതോടെ ചില്ല് തകരുകയായിരുന്നു. തകര്‍ന്ന ചില്ല് രാജേഷിന്‍റെ തലയില്‍ വീഴുകയും ചെയ്‌തു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.