Oommen Chandy funeral procession | ഉമ്മന്‍ ചാണ്ടി അവസാനമായി നിയമസഭയ്‌ക്ക് മുന്നിലെത്തി ; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജനസാഗരം
തിരുവനന്തപുരം :നിയമസഭയ്‌ക്കുമുന്നില്‍ ഉമ്മന്‍ ചാണ്ടി അവസാനമായെത്തി. 53 വര്‍ഷക്കാലം സഭാസാമാജികനായി ജനഹൃദയങ്ങള്‍ കീഴടക്കിയ പ്രിയ നേതാവിന്‍റെ ഭൗതിക ശരീരത്തില്‍ പുഷ്‌പാഞ്ജലി അര്‍പ്പിക്കാന്‍ ജന സാഗരമാണ് നിയമസഭ പരിസരത്ത് കാത്തുനിന്നത്. മൃതദേഹം വഹിക്കുന്ന പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസ് കുറച്ചുനേരം നിയമസഭയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടു. പൂക്കളുമായി കാത്തുനിന്ന ജനങ്ങള്‍ മുന്‍ മുഖ്യനെ അവസാനമായി ഒരു നോക്ക് കാണാന്‍ കൂട്ടം കൂടിയതോടെ അല്‍പ നേരത്തേക്ക് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. രാവിലെ 7.12 ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട വിലാപ യാത്ര 8 മണിക്കാണ് നിയമസഭയ്ക്ക് മുന്‍പിലെത്തിയത്. വഴിനീളെ ജനങ്ങളുടെ അന്ത്യാഞ്ജലിയും മുദ്രാവാക്യങ്ങളും സ്വീകരിച്ചാണ് വിലാപ യാത്ര കടന്നുപോയത്. ജനകീയ നേതാവിന്‍റെ അന്ത്യയാത്രയ്ക്ക് സാക്ഷിയാകാന്‍ ആയിരങ്ങളാണ് വഴിയരികില്‍ അതിരാവിലെ മുതല്‍ കണ്ണീരണിഞ്ഞ് കാത്തുനിന്നത്. കേശവദാസപുരം, വെഞ്ഞാറമ്മൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപ യാത്ര കോട്ടയത്തെത്തുക. തുടര്‍ന്ന് ജില്ല കോണ്‍ഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. വൈകിട്ടോടെ ജന്മനാടായ പുതുപ്പള്ളിയിലെ കുടുംബ വീടായ കരോട്ട് വള്ളക്കാലില്‍ വീട്ടിലും പുതുതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനം നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളാണ് വിലാപയാത്രയെ അനുഗമിക്കുന്നത്.