K Sudhakaran| സുധാകരന് കണ്ണൂരില്‍, ആവേശോജ്വല സ്വീകരണം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകര്‍ - ഡിസിസി
കണ്ണൂർ: പുരാവസ്‌തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത ശേഷം എറണാകുളത്തു നിന്ന് കണ്ണൂരിൽ എത്തിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്ക് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ യുഡിഎഫ് പ്രവർത്തകര്‍ സ്വീകരണം നല്‍കി. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന്‍റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഇന്ന് വൈകിട്ട് 6.40ഓടെ നേത്രാവതി എക്‌സ്‌പ്രസിലാണ് സുധാകരൻ കണ്ണൂരിലെത്തിയത്.
ട്രെയിൻ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് മുൻപു തന്നെ സ്‌റ്റേഷനും പരിസരവും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. തുടർന്ന് മുദ്രാവാക്യം വിളികളോടെ സ്‌റ്റേഷനു പുറത്തേക്ക് ആനയിച്ചു.
അതേസമയം, കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ആവശ്യമെങ്കില്‍ മാറി നില്‍ക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. നൂറ് ശതമാനം നിരപരാധിയാണെന്ന് വിശ്വാസമുണ്ട്. തനിക്ക് ഭയമില്ല, അന്വേഷണത്തെ താന്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെന്നും പാര്‍ട്ടിക്ക് ഹാനീകരമാകുന്ന ഒന്നും തന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അദ്ദേഹത്തെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി കെ സുധാകരന് പിന്തുണ നല്‍കുമെന്നും പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ അദ്ദേഹം തയ്യാറായാല്‍ പോലും അനുവദിക്കില്ലെന്നും വി ഡി സതീശന്‍ അറിയിച്ചു.