അയോധ്യ വിഷയം സജീവമാക്കുകയെന്നത് ബിജെപിയുടെ തന്ത്രം:പി കെ കുഞ്ഞാലിക്കുട്ടി
Published : Dec 31, 2023, 5:10 PM IST
കാസർകോട്: അയോധ്യ വിഷയം സജീവമാക്കുകയെന്നത് ബി ജെ പിയുടെ തന്ത്രമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരാനിരിയ്‌ക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി ജെ പിയുടെ രാഷ്ട്രീയ ക്യാമ്പയിനാണിതെന്നും കോൺഗ്രസിനെ ലക്ഷ്യം വെച്ചുള്ള ചർച്ചകൾക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്വതന്ത്രമായ തീരുമാനമെടുക്കാൻ കെൽപ്പുള്ള പാർട്ടിയാണെന്നും അതിനുള്ള നേതൃത്വം പാർട്ടിയ്‌ക്കുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. വിഷയത്തിൽ മുസ്ലിം ലീഗ് സംയമനത്തോട് കൂടിയ നിലപാട് സ്വീകരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരാധന എന്നത് മനുഷ്യ ഹൃദയത്തിൽ ആണെന്നും, ബാഹ്യ പ്രകടനങ്ങളിൽ അല്ലെന്നും, അതിലൊന്നും യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് രാഷ്‌ട്രീയ പ്രചാരണമാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കാസർകോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠ ചടങ്ങ് നടക്കാനിരിയ്‌ക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനായി ക്ഷേത്ര ട്രസ്റ്റിന്‍റെ ഉന്നതതല പ്രതിനിധികൾ സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണക്കത്ത് നേരിട്ട് നൽകിയിരുന്നു. എന്നാൽ അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.