അന്ത്യവിശ്രമം പ്രത്യേകം ഒരുക്കിയ കല്ലറയില്‍; പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം
പുതുപ്പള്ളി:പതിവുതെറ്റാതെ എല്ലാ ഞായറാഴ്‌ചകളിലും പുതുപ്പള്ളി പള്ളിയിൽ ആരാധനയ്‌ക്കെത്തിയിരുന്ന ഉമ്മൻ ചാണ്ടി അതേ പള്ളിയിലെ സെമിത്തേരിയിൽ ഇനി നിത്യവിശ്രമം കൊള്ളും. ഇതിനുള്ള പ്രത്യേക ശവകുടീരം പള്ളിയുടെ കിഴക്ക് ഭാഗത്ത് സജ്ജമാക്കി. പള്ളിയിലെ മെത്രാന്മാർക്കും വൈദികർക്കും മാത്രം ശവകുടീരം ഒരുക്കുന്നിടത്താണ് ഉമ്മൻ ചാണ്ടിക്കും ആന്ത്യവിശ്രമത്തിന് സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയോടുള്ള പ്രത്യേക പരിഗണന കണക്കിലെടുത്താണ് ഇടവക അംഗങ്ങളിൽ മറ്റാർക്കും ഇതുവരെ നൽകാത്ത പരിഗണന നൽകാൻ പള്ളി അധികൃതർ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പുതുപ്പള്ളി പള്ളിയിലെത്തി. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഇന്ന് രാവിലെ നെടുമ്പാശേരിയിൽ എത്തിയിരുന്നു. വിലാപയാത്രയായി പുതുപ്പള്ളിയിലെ തറവാടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പിന്നീട് പുതുപ്പള്ളി ജങ്‌ഷനിൽ പുതുതായി നിർമിക്കുന്ന വീടിൻ്റെ പരിസരത്തും ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ദർശിക്കാൻ ജനസാഗരം ഇരമ്പിയെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, സ്‌പീക്കർ എഎൻ ഷംസീർ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരെത്തി. സംസ്‌കാര ചടങ്ങുകൾ വീക്ഷിക്കാൻ പുതുപ്പള്ളി പള്ളിപരസരത്ത് വൻ ജനാവലി എത്തിയിരുന്നു.