Bear attack | 15 മിനിട്ട് കരടിയുമായി മല്ലിട്ടു, കണ്ണ് ചൂഴ്‌ന്നെടുത്തു: വൃദ്ധന് ജീവൻ തിരിച്ചു കിട്ടിയത് അത്‌ഭുതകരമായി - 72 കാരെ കരടി ആക്രമിച്ചു
ഉത്തര കന്നഡ: കർണാടകയിൽ വൃദ്ധന് കരടിയുടെ ആക്രമണത്തിൽ നിന്ന് ഗുരുതര പരിക്ക്. ഉത്തര കന്നഡ ജില്ലയിലെ ജോയിഡ താലൂക്കിലാണ് സംഭവം. മലോർഗി ഗ്രാമവാസിയായ വിത്തൽ സലാകെയാണ് (72) കരടിയുമായി മല്ലിട്ട ശേഷം രക്ഷപ്പെട്ടത്.
വനമേഖലയിലൂടെ നടക്കുമ്പോൾ വിത്തലിന് നേരം പെട്ടെന്ന് കരടിയുടെ ആക്രമണമുണ്ടാകുകയായിരുന്നു. 15 മിനിറ്റോളം കരടിയും വിത്തലും തമ്മിൽ മല്ലിട്ടു. ആക്രമണത്തിൽ വിത്തലിന്‍റെ ഒരു കണ്ണ് കരടി ചൂഴ്‌ന്നെടുക്കുകയും മറ്റൊരു കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. കൂടാതെ ശരീരത്തിലാകെ മുറിവേറ്റിട്ടുണ്ട്.
ആക്രമണത്തിനിടെ വിത്തൽ ഉറക്കെ നിലവിളിച്ചിരുന്നെങ്കിലും വനമേഖലയായതിനാൽ ആരും കേട്ടിരുന്നില്ല. 15 മിനിറ്റിന് ശേഷം കരടി തനിയെ വനത്തിലേയ്‌ക്ക് ഓടിപോകുകയായിരുന്നു. കരടിയുടെ ആക്രമണത്തെ തുടർന്ന് രൂക്ഷമായ രക്തസ്രാവം അനുഭവപ്പെട്ട വൃദ്ധൻ രണ്ട് കിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിലേയ്‌ക്ക് നടന്നുനീങ്ങി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ ഇയാളെ രാംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിത്തലിന്‍റെ നില ഗുരുതരമായതിനാൽ പിന്നീട് ബെലഗാവി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരോഗ്യ നില തൃപ്‌തികരമാണ്. എന്നാൽ കണ്ണിന് ഗുരുതര പരിക്ക് ഉള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും.