Idukki| പൂപ്പാറ- ബോഡിമെട്ട് റോഡ് ഇരുട്ടിൽ; വഴിവിളക്കുകൾ ഇല്ലാത്തതിനാൽ അപകടം പതിവ് - വഴിവിളക്കുകളില്ല
ഇടുക്കി : വഴിവിളക്കുകളില്ല, വന്യജീവി ആക്രമണം ഭയന്ന് പ്രദേശവാസികളും, വാഹന യാത്രികരും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ പൂപ്പാറ മുതല്‍ ബോഡിമെട്ട് വരെയുള്ള റോഡില്‍ വഴിവിളക്കുകളുടെ അഭാവംമൂലം തോട്ടം മേഖല ഇരുട്ടിലായിട്ട് നാളേറെയായി. കഴിഞ്ഞ മാസം ഈ റോഡില്‍ നിന്നിരുന്ന ആനയെ കാറിടിച്ച സംഭവം ഉണ്ടായി. ഇരുട്ടുമൂലം വഴിയില്‍ നിന്ന കാട്ടാനയെ കാണാന്‍ കഴിയാതെ ഇതുവഴിയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കാര്‍ തകരുകയും യാത്രികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. വഴി വിളക്കുകളുടെ അഭാവമാണ് സംഭവത്തിന് കാരണമായി പ്രദേശവാസികള്‍ പറയുന്നത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ റോഡ് മുറിച്ച് കടക്കുന്നതും, റോഡിൽ നിലയുറപ്പിക്കുന്നതും പതിവാണ്. വഴി വിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇരുട്ടു പടര്‍ന്നാല്‍ ഇതുവഴിയുള്ള യാത്ര വന്യജീവി ആക്രമണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് വഴിവയ്ക്കും. ആനയിറങ്കല്‍ വരെയുള്ള ചില ഭാഗങ്ങളില്‍ വഴി വിളക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ പാത നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവ നീക്കം ചെയ്‌തു. പിന്നീട് വഴിവിളക്കുകള്‍ പുനഃസ്ഥാപിച്ചതുമില്ല. അധികൃതര്‍ അടിയന്തരമായി ഇടപ്പെട്ട് പാതയില്‍ വഴി വിളക്കുകള്‍ സ്ഥാപിച്ച് പ്രദേശവാസികളുടെയും യാത്രികരുടെയും ജീവനും സ്വത്തിനും സംരക്ഷണമൊരുക്കണമെന്നാണ് ആവശ്യം.