ബെംഗളൂരുവില്‍ പൊതുദർശനം, അന്തിമോപചാരം അർപ്പിച്ച് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും എൻകെ പ്രേമചന്ദ്രനും
ബെംഗളൂരു : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ. പി കെ കുഞ്ഞാലിക്കുട്ടി, ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദൻ, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന മുൻ മന്ത്രി ടി ജോണിന്‍റെ ബെംഗളൂരിലെ ഇന്ദിരാനഗറിലെ വസതിയിൽ എത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ ബെംഗളൂരുവിലെ ടി ജോണിന്‍റെ വസതിയിലെത്തി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു.
ALSO READ :'കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവ്'; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവില്‍ നിന്നും ഹെലികോപ്‌ടര്‍ മാര്‍ഗം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. ബെംഗളൂരുവില്‍ നിന്നും എത്തിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം ആദ്യം തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് കൊണ്ട് പോകുന്നത്.
അവിടെ നിന്നും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി മൃതശരീരമെത്തിക്കും. തുടര്‍ന്ന്, സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദേവാലയത്തിലും, കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. നാളെ (ജൂലൈ 19) രാവിലെ വിലാപയാത്രയായി തിരുവന്തപുരത്ത് നിന്നും കോട്ടയത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുന്നക്കര മൈതാനത്ത് മൃതദേഹം എത്തിക്കും.