MV Govindan| 'പുതുപ്പള്ളിയില്‍ സിപിഎമ്മിന് വേവലാതിയും അങ്കലാപ്പുമില്ല, സമയക്കുറവ് ബാധകവുമല്ല': എംവി ഗോവിന്ദന്‍ - Puthupally by election
തിരുവനന്തപുരം:പുതുപ്പള്ളിയില്‍ വേഗത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ യാതൊരുവിധ വേവലാതിയും അങ്കലാപ്പും സിപിഎമ്മിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ഇത്രയും വേഗം തിരഞ്ഞെടുപ്പ് വരുമെന്ന് വിചാരിച്ചില്ലെന്നും എന്നാല്‍ രാഷ്ട്രീയപരമായി സിപിഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്‍ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അടിത്തട്ടുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഉപതെരഞ്ഞെടുപ്പിനായി ബൂത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. താഴെ തലം വരെയുള്ള മുഴുവന്‍ സംഘടന മിഷനറികളും ഫലപ്രദമായി ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നല്ല രീതിയില്‍ തന്നെ നേരിടുകയാണ് സിപിഎം ലക്ഷ്യമെന്നും ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകും. സംസ്ഥാന നേതൃയോഗത്തിന്‍റെ എല്ലാ ഭാഗമായി ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രക്രിയയെ തുരങ്കം വയ്‌ക്കുന്ന പ്രിയപ്പെട്ട രാഷ്‌ട്രീയത്തെ തുറന്ന് കാട്ടുന്ന ഫലപ്രദമായ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരിക്കും പുതുപ്പള്ളിയില്‍ ഉണ്ടാകുകയെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നും ലോകത്ത് ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിക്കുമോ? അത്തരം നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ഭാഗത്ത് നിന്നുള്ളതെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. പുതുപ്പള്ളിയില്‍ നല്ലപോലെ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനാകും. സമയ കുറവൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തിന് അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്ന് മന്ത്രി വിഎൻ വാസവനും പ്രതികരിച്ചു. എട്ട് പഞ്ചായത്തിൽ ആറ് പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും വിഎൻ വാസവൻ പ്രതികരിച്ചു.