MV Govindan| 'പുതുപ്പള്ളിയെ മെച്ചപ്പെട്ട സ്ഥിതിയിലാക്കാന്‍ ജെയ്‌ക്കിനാകും, വികസനം ചര്‍ച്ചയാക്കും': എം വി ഗോവിന്ദന്‍ - സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
കോട്ടയം:ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ് വിജയിച്ചാല്‍ പുതുപ്പള്ളിയെ മറ്റ് മണ്ഡലങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലെത്തിക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ വികസനം തന്നെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം. മണര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. പുതുപ്പള്ളിയില്‍ 21 കേന്ദ്രങ്ങളില്‍ ഫലപ്രദമായി വികസന ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തിന്‍റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ കേരളത്തിന്‍റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ലെന്നത് വസ്‌തുതയാണ്. ഇത് ഞങ്ങള്‍ പറഞ്ഞപ്പോള്‍ കണ്ണൂരെ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യാമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ധര്‍മ്മടം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ വഴുതി മാറി. വികസന വിരുദ്ധതയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ മുഖമുദ്രയെന്നും നാടിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എഎസിനും ബിജെപിക്കുമെതിരെ ഒരക്ഷരം ഉരിയാടാന്‍ ഇവര്‍ക്കായിട്ടില്ലെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെവിടെയും ഏത് സമയത്തും കലാപം നടക്കാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. മണിപ്പൂരിലെ കലാപം ബോധപൂര്‍വം സൃഷ്‌ടിച്ചതാണ്. രാജ്യത്ത് എവിടെയും ഈ അവസ്ഥ എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.