നായക്കുട്ടിയെ തട്ടിയെടുത്ത് കുരങ്ങന്‍; കെട്ടിടത്തിന് മുകളിലൂടെ ചാട്ടം, വീഡിയോ വൈറല്‍ - നായക്കുട്ടി
ജയ്‌പുര്‍(രാജസ്ഥാന്‍):മോചനദ്രവ്യം നേടിയെടുക്കാനോ പ്രതികാരം തീര്‍ക്കാനോ ആയി എന്തെല്ലാം തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകള്‍ നടക്കാറുണ്ട്. വിദ്യാര്‍ഥികളെയും പെണ്‍കുട്ടികളെയും കുടുംബത്തിലെ പ്രായം ചെന്നവരേയുമെല്ലാം സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം രാജസ്ഥാനിലെ ജയ്‌പൂരില്‍ നടന്നത് വേറിട്ട ഒരു തട്ടിക്കൊണ്ടുപോകലാണ്. അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാജസ്ഥാനിലെ പര്‍കോട്ട മേഖലയിലെ ഗംഗോരി മാര്‍ക്കറ്റിലെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന നായക്കുട്ടിയെയാണ് ഒരു കുരങ്ങന്‍ തട്ടിക്കൊണ്ടുപോയത്. നായക്കുട്ടിയെ തട്ടിയെടുത്ത ശേഷം കുരങ്ങന്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിലയുറപ്പിക്കുകയായിരുന്നു. കൈയില്‍ ഒരു നായക്കുട്ടിയുമായി കെട്ടിടത്തിന്‍റെ മേല്‍ക്കൂരയ്‌ക്ക് മുകളിലിരിക്കുന്ന കുരങ്ങനെ ഇതു കണ്ടുനിന്ന നാട്ടുകാര്‍ സസൂക്ഷ്‌മം നിരീക്ഷിച്ചു.
എന്നാല്‍ തട്ടിയെടുത്തുകൊണ്ടുവന്ന നായക്കുട്ടിയെ കുരങ്ങന്‍ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്‌തില്ല. മാത്രമല്ല കുരങ്ങന്‍റെ കയ്യില്‍ അകപ്പെട്ട നായക്കുട്ടി ബഹളം വച്ചതുമില്ല. ഈ രംഗം കാണാന്‍ ആളുകൾ തടിച്ചുകൂടിയതോടെ കുരങ്ങും ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയില്‍ ഒരു നായ കുട്ടിക്കുരങ്ങനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി വാനരസംഘം നിരനിരയായെത്തി നായകളെ പിടികൂടി മരത്തിനും കെട്ടിടത്തിനും മുകളില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ വാര്‍ത്ത പ്രചരിച്ചിരുന്നു.