രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം; എല്ലാവരും ഒന്നിച്ച് എതിർക്കണമെന്ന് എംഎം മണി
ഇടുക്കി:രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനാണെന്ന് എംഎം മണി എംഎല്‍എ. രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണ്. മോദി എന്ന ഭരണാധികാരി വിമർശനം കേൾക്കാൻ ബാധ്യസ്ഥനാണ്. കാരണം അത്രയും വലിയ കൊള്ളരുതായ്‌മ ചെയ്‌ത ഭരണാധികാരിയാണ് അദ്ദേഹമെന്നും എംഎം മണി പറഞ്ഞു.
'മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരക്കണക്കിന് ഇസ്ലാമുകളെ കശാപ്പ് ചെയ്യുന്നതിന് കൂട്ടുനിന്ന ആളാണ്. ശിക്ഷക്കപ്പെട്ട പ്രതികളെ സർക്കാർ തീരുമാനിച്ച് മോചിപ്പിച്ചു. കൂട്ടക്കശാപ്പ് ചെയ്‌തതിൽ ശിക്ഷിച്ചവരെ പുറത്തിറക്കാൻ സർക്കാരിന് എന്ത് അധികാരം'.
'എന്ത് വൃത്തികേടും ചെയ്യൊന്നൊരു പ്രധാനമന്ത്രിയാണ് അദ്ദേഹം. മഹാത്മാഗാന്ധിയെ കൊന്നത് ന്യായമെന്ന് വാദിക്കുന്ന കൂട്ടരാണ് ഇവർ'. അതിനാൽ തന്നെ എല്ലാവരും ഒന്നിച്ച് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ എതിർക്കണമെന്നും എംഎം മണി കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ ഏറ്റവും പുതിയ അധ്യായമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിലാണ് കോടതി വിധിയും അയോഗ്യതയും.
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. അപ്പോൾ അഭിപ്രായം തുറന്നുപറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷയാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.