മൂന്നാറിലെ നിര്‍മാണ നിയന്ത്രണം : 'കള്ളനെ കാവല്‍ ഏല്‍പ്പിച്ചതുപോലെയായി', അമിക്കസ് ക്യൂറിയെ വിമര്‍ശിച്ച് എംഎം മണി - എംഎം മണി
ഇടുക്കി : മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎം മണി. ഹൈക്കോടതി നടപടി കള്ളനെ കാവല്‍ ഏല്‍പ്പിച്ചത് പോലെയായെന്നും മലയോര ജനതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്നും എംഎം മണി ആരോപിച്ചു. കര്‍ഷക സംഘം പൂപ്പാറ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണത്തിനെതിരെ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത നിയമസഭ സമ്മേളനത്തിൽ 93ലെയും 64ലെയും ഭൂനിയമം ഭേദഗതി ചെയ്യുമെന്ന് ഗവൺമെന്‍റ് ആവർത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് നിലവിലെ കോടതി ഉത്തരവ് ഉണ്ടായിട്ടുള്ളത്. ഉത്തരവനുസരിച്ച് നിർമാണ നിയന്ത്രണം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ രണ്ട് നിലയിൽ അധികമുള്ള കെട്ടിടങ്ങൾ പണിയാൻ സാധിക്കില്ല. അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുള്ള ആളുകൾ കടുത്ത പരിസ്ഥിതി വാദികളായതിനാൽ തന്നെ ജില്ലയിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്ന സാഹചര്യമില്ലെന്നാണ് സിപിഎമ്മും പോഷക സംഘടനകളും പറയുന്നത്.
ഈ വിഷയങ്ങൾ പൊതു ജനങ്ങളുടെ മധ്യത്തിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായി കർഷകസംഘം ശാന്തൻപാറ പൂപ്പാറ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ പൂപ്പാറയിൽ നടന്നത്. സിപിഎം നേതാക്കളായ വിവി ഷാജി, ലിജു വര്‍ഗീസ്, എംഎ സെബാസ്റ്റ്യന്‍, എംവി കുട്ടപ്പന്‍, തിലോത്തമ സോമന്‍ തുടങ്ങിയവർ നേതൃത്വം നൽകി.