കണ്ണട വാങ്ങാന്‍ 30,500 രൂപ : ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി ആർ ബിന്ദു - കേരളവർമ്മ കോളജ്
Published : Nov 5, 2023, 10:45 PM IST
തിരുവനന്തപുരം: കണ്ണട വാങ്ങിയതിന് പൊതുഖജനാവിൽ നിന്ന് 30,500 രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം (Minister R Bindu Avoided Question On Spectacle Purchase). മാധ്യമ പ്രവർത്തകരിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നതോടെ മന്ത്രി മൈക്ക് ഓഫ് ചെയ്‌തു. തിരുവനന്തപുരത്തെ കണ്ണട കടയില്‍ നിന്നും വാങ്ങിയ കണ്ണടയ്ക്കാണ് മന്ത്രിയുടെ അപേക്ഷ പരിഗണിച്ച് ധനവകുപ്പ് തുക അനുവദിച്ചത്. ഈ മാസം മൂന്നാം തീയതിയാണ് മന്ത്രിക്ക് തുക അനുവദിച്ചു കൊണ്ട് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. മന്ത്രിയുടെ അപേക്ഷ പ്രകാരമാണ് ധനവകുപ്പ് തുക അനുവദിച്ചത്. അതേസമയം കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിലെ (Sree Kerala Varma College Election) വോട്ടെണ്ണലിലെ അട്ടിമറിയുടെ പേരിൽ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ മന്ത്രി പ്രതികരിച്ചു. താൻ മന്ത്രിയായ ശേഷം കെഎസ്‌യു നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്തിനാണെന്ന് അവർക്കും അറിയില്ല എനിക്കും അറിയില്ല എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ചോദ്യത്തോട് മന്ത്രിയുടെ മറുപടി. വോട്ടെണ്ണലിലെ അട്ടിമറിക്ക് പിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കെഎസ്‌യു ആരോപിച്ചു. 30,000 രൂപയുടെ കണ്ണട വച്ചിട്ടും ആർ ബിന്ദുവിന് ജനാധിപത്യ കാഴ്‌ചയില്ലെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എംജെ യദുകൃഷ്‌ണൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് നാളെ (നവംബര്‍ 6) കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തും. തിങ്കളാഴ്‌ച മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തുമെന്നും മന്ത്രിമാരെ വഴിയിൽ തടയുമെന്നും കരിങ്കൊടി കാണിക്കുമെന്നും കെഎസ്‌യു അറിയിച്ചു. റിട്ടേണിങ് ഓഫിസറായ അധ്യാപകൻ എസ്എഫ്ഐക്ക് വേണ്ടി ഒത്താശ ചെയ്‌തെന്നും കെഎസ്‌യു ആരോപിച്ചു.