'സുധാകരനും സുരേന്ദ്രനും ഒരേ ഇനീഷ്യല്‍ മാത്രമല്ല, ഒരേ രാഷ്‌ട്രീയ മനസും' : മന്ത്രി പി എ മുഹമ്മദ് റിയാസ് - കെ സുരേന്ദ്രന്‍
കോഴിക്കോട്: സുധാകരനും സുരേന്ദ്രനും ഒരേ രാഷ്‌ട്രീയ മനസെന്ന് മുഹമ്മദ് റിയാസ്. സുധാകരന് അതേ ഭാഷയിൽ മറുപടി നൽകാനാവില്ലെന്നും വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ചു പിന്മാറില്ലെന്നും റിയാസ് വ്യക്തമാക്കി. മത്സരിച്ചപ്പോൾ ഇതിലും വലിയ ആരോപണങ്ങൾ കേട്ടിട്ടുണ്ട്.
എന്നിട്ടും ബേപ്പൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു. മാനേജ്മെന്‍റ് ക്വാട്ട പോലുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും റിയാസ് കോഴിക്കോട് പറഞ്ഞു. കേരളത്തിലെ സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി പ്രസിഡൻ്റ് പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ട് വരും എന്ന് കെപിസിസി പ്രസിഡന്‍റ് പ്രഖ്യാപിക്കുക അല്ലേ ചെയ്‌തത്. ജവഹർ ലാൽ നെഹ്‌റുവിനെ കുറിച്ച് എന്താണ് പറഞ്ഞതെന്നും റിയാസ് ചോദിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്‍റിനേക്കാൾ നന്നായി താന്‍ ശാഖക്ക് കാവൽ നിൽക്കും എന്ന് പറഞ്ഞ വ്യക്തിയാണ് കെപിസിസി പ്രസിഡന്‍റ്. കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാടുകളെ അവരുടെ പ്രസ്ഥാനത്തിൽ ഉളളവർ പോലും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച റിയാസ് മത നിരപേക്ഷ മനസുകൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്നും ചോദിച്ചു. രാഷ്‌ട്രീയത്തെ രാഷ്‌ട്രീയം കൊണ്ട് നേരിടാൻ കോൺഗ്രസ് നേതൃത്വം ദുർബലർ ആണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.