ഭാസുരാംഗനെ നീക്കിയ നടപടി : മിൽമയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് കൺവീനർ സ്ഥാനത്ത് പകരം സംവിധാനം ഏർപ്പെടുത്തും : മന്ത്രി ജെ ചിഞ്ചുറാണി - ED Probe Against N Bhasurangan
Published : Nov 9, 2023, 9:25 PM IST
കോഴിക്കോട് :എൻ ഭാസുരാംഗനെ (N Bhasurangan ) മാറ്റിയ സാഹചര്യത്തില്‍മിൽമയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് കൺവീനർ സ്ഥാനത്ത് പകരം സംവിധാനം ഏർപ്പെടുത്താൻ രജിസ്‌ട്രാർക്ക് നിർദേശം നൽകിയതായി മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി (Minister J Chinchu Rani). കോഴിക്കോട് പെരിങ്ങൊളത്ത് മിൽമയുടെ പുതിയ ഉത്പന്നങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് കൺവീനറായിരുന്ന എൻ ഭാസുരാംഗനെ മാറ്റിയതിന് (N Bhasurangan ) പിന്നാലെയാണ് പകരം സംവിധാനം ഏർപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരുന്നു എൻ ഭാസുരാംഗൻ. മിൽമയ്ക്ക് പുറമെ സിപിഐയിൽ നിന്നും എൻ ഭാസുരാംഗനെ പുറത്താക്കിയിരുന്നു. നിക്ഷേപ തട്ടിപ്പിൽ ഇഡി പിടിമുറുക്കിയതോടെ ഭാസുരാംഗനെതിരെ നടപടി ഉണ്ടായേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടികൾ നടന്നത്. ഭാസുരാംഗന്‍റെ പൂജപ്പുരയിലെയും മാറനല്ലൂരിലെയും വീടുകളിലും ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു.