ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല, കൃത്യമായി പഠിച്ച് മറുപടി നൽകും : മാത്യു കുഴല്‍നാടന്‍ എംഎല്‍എ - മാത്യു കുഴല്‍നാടനെതിരായ ആരോപണങ്ങൾ
ഇടുക്കി :ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും കാര്യങ്ങൾ കൃത്യമായി പഠിച്ച് മറുപടി നൽകുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിപിഎം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയമായി ആരോപണം ഉന്നയിച്ചവരെ പരിഹസിക്കില്ല. മാധ്യമ അജണ്ടയാണെന്നും പറയില്ല. താനൊരു പൊതുപ്രവര്‍ത്തകനാണ്. ചോദ്യം ചെയ്യുന്നതിനുള്ള അവകാശം എതിര്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് എംഎൽഎക്കെതിരെ സിപിഎം എറണാകുളം ജില്ല സെക്രട്ടറി ഉന്നയിച്ചിട്ടുള്ളത്. ആരോപണം സംബന്ധിച്ച വിശദാംശങ്ങൾ വിജിലൻസ് ശേഖരിച്ചും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചത്. സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്ന് എംഎൽഎ നേരത്തേതന്നെ അറിയിച്ചിരുന്നു. സർക്കാരിനേയോ ഉദ്യോഗസ്ഥരേയോ വിമർശിച്ചാൽ, അവരുടെ കയ്യിലുള്ള ഉദ്യോഗസ്ഥരെവച്ച് വേട്ടയാടാൻ ശ്രമിക്കുമെന്നും എന്നാൽ ഇതിൽ ചഞ്ചലപ്പെട്ട് മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.