മുംബൈയിൽ ആക്രി നിക്ഷേപ കേന്ദ്രത്തിൽ വൻ തീപിടിത്തം ; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം
മുംബൈ : മുംബൈയിലെ ആക്രി നിക്ഷേപ കേന്ദ്രത്തിൽ വൻ തീപിടിത്തം. മണ്ഡ്‌ലയിലെ മാൻഖുർദ് മേഖലയിലെ ഗോഡൗണിലാണ് ആദ്യം തീപിടിത്തമുണ്ടായത്. കേന്ദ്രത്തിലുണ്ടായിരുന്ന ഓയിൽ ഡ്രമ്മുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവയിൽ തീ പടർന്നതോടെ ആളിക്കത്തുകയായിരുന്നു.
മണ്ഡ്‌ലയിലെ ഘട്‌കോപർ മാൻഖുർദ് ലിങ്ക് റോഡിന് സമീപമുള്ള 'കുർള സ്‌ക്രാപ്പ് കോർപറേഷൻ' എന്ന ആക്രി നിക്ഷേപ കേന്ദ്രത്തിലാണ് അപകടം. ഇലക്ട്രിക്കൽ വയറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, തടി ഉരുപ്പടികൾ, ഓയിൽ ഡ്രമ്മുകൾ, പ്ലാസ്റ്റിക് എന്നിവ സൂക്ഷിച്ചിരുന്ന 10 നില കെട്ടിടത്തിലാണ് തീപിടിച്ചത്.
തീപിടിത്തം ഉണ്ടായ ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗോഡൗണിലുണ്ടായ തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ തീപിടിത്തത്തിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. പുലർച്ചെ 3.07 ഓടെയാണ് മൻഖുർദ് മേഖലയിൽ അഗ്നിബാധയുണ്ടായ വിവരം ലഭിച്ചത്. മൻഖുർദിലെ ഭാൻഗർ കോമ്പൗണ്ടിലെ തീപിടിത്തം ലെവൽ 3 ആണെന്ന് മുംബൈ അഗ്നിശമനസേന അറിയിച്ചു.
ഇന്നലെയും മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രണ്ട് ആക്രി നിക്ഷേപ കേന്ദ്രങ്ങൾക്ക് തീപിടിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ആറോടെ മുംബ്ര-പൻവേൽ റോഡിലെ ശിൽഫാത മേഖലയിലാണ് തീപിടിത്തമുണ്ടായത്. കടലാസും കോട്ടണും സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് അഗ്നിബാധ ഉണ്ടായത്. ഈ അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും താനെ മുനിസിപ്പൽ കോർപറേഷൻ റീജ്യണല്‍ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് യൂണിറ്റ് (ആർഡിഎംസി) മേധാവി അവിനാഷ് സാവന്ത് പറഞ്ഞു.