Mangaluru Accident | മംഗലാപുരത്തിനടുത്ത് ബൈക്ക് അപകടം, മലയാളി എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മംഗളൂരു:ദക്ഷിണ കന്നഡയിലെ അഡയാറിൽ ദേശീയ പാതയിലുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു. വളച്ചിൽ ശ്രീനിവാസ് കോളജിലെ എഞ്ചിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് നഷാദാണ് (21) മരിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുവച്ച് തന്നെ യുവാവിന്റെ അന്ത്യം സംഭവിച്ചിരുന്നു.
അപകടത്തിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ജൂലൈ 19ന് രാവിലെ 11.40നാണ് സംഭവം. വളച്ചിൽ ഭാഗത്തേക്ക് അതിവേഗത്തിൽ ബൈക്കില്‍ സഞ്ചരിക്കവെ, നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് ഡിവൈഡറിൽ ഇടിക്കുകയുമായിരുന്നു. ശേഷം, ബൈക്കും യുവാവും തെറിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. അപകടത്തിന്റെ ആഘാതത്തിൽ നഷാദിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മലയാളി യുവാവിന് അന്ത്യം സംഭവിച്ചിരുന്നു. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്താണ് (24) മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം. ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ALSO READ |മംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
TAGGED:
Mangaluru Accident