തെങ്ങുകയറ്റ തൊഴിലാളി 30 അടി ഉയരത്തിൽ കുടുങ്ങി ; സാഹസികമായി താഴെയിറക്കി അഗ്നിശമന സേന - വീഡിയോ - തെങ്ങുകയറ്റ തൊഴിലാളികളുടെ പെന്‍ഷന്‍
Published : Nov 3, 2023, 3:49 PM IST
കോട്ടയം:വൈക്കത്ത് തെങ്ങുകയറ്റ തൊഴിലാളി 30 അടി ഉയരത്തിലുള്ള തെങ്ങിൽ കുടുങ്ങി. വെള്ളിയാഴ്‌ച (03.11.2023) രാവിലെ ഉല്ലല തലയാഴം പഞ്ചായത്ത് 14ാം വാർഡിൽ മലയിൽ ജോഷിയുടെ വീട്ടിലായിരുന്നു സംഭവം. തെങ്ങ് കയറുന്നതിനായി വന്ന ഉല്ലല സ്വദേശിയായ പുത്തൻപുരയ്ക്കൽ സാജു (43) 30 അടി ഉയരത്തിൽ കുടുങ്ങുകയായിരുന്നു. മാത്രമല്ല തെങ്ങുകയറ്റ യന്ത്രത്തിൽ ഇരുകാലുകളും കുടുങ്ങിയ നിലയിൽ ഇയാൾ തലകീഴായി കിടക്കുകയായിരുന്നു. നാട്ടുകാർ സാജുവിനെ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് നാട്ടുകാർ വൈക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈക്കം അഗ്നിരക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റുകള്‍ എത്തുകയും സേനാംഗങ്ങൾ തെങ്ങിൽ കയറി സാജുവിനെ കയറിൽ കെട്ടി നിർത്തി സാഹസികമായി താഴെ ഇറക്കുകയുമായിരുന്നു. ഇയാളെ അഗ്നിശമന സേനയുടെ വാഹനത്തിൽ തന്നെ വൈക്കം ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്‌തതായി ഡോക്‌ടറും അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സ്‌റ്റേഷൻ ഓഫിസർ ടി ഷാജി കുമാർ, ഫയർ ആന്‍റ് റെസ്ക്യൂ ഓഫിസർമാരായ വർഗീസ് എം പി, പ്രജീഷ് ജസ്‌റ്റിൻ, പി എൻ അഭിലാഷ്, പ്രജീഷ് ടി വിഷ്ണു, സി കെ അരുൺരാജ്, കെ ജയകൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി.