Man hacked in Nedumkandam നെടുങ്കണ്ടത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു - kerala news updates
Published : Aug 24, 2023, 4:10 PM IST
ഇടുക്കി:നെടുങ്കണ്ടത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരില്‍ ഹരിയ്‌ക്കാണ് വെട്ടേറ്റത്. ബാലഗ്രാം സ്വദേശിയായ കടുക്കൻ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷാണ് ഹരിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്ന് (ഓഗസ്റ്റ് 24) രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ഹരി രാവിലെ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വിട്ട് തിരിച്ച് വരുന്നതിനിടെ നടുറോഡില്‍ വാഹനം തടഞ്ഞ് നിര്‍ത്തിയ സന്തോഷ് ഹരിയുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ സന്തോഷ് കൈയില്‍ കരുതിയിരുന്ന വാക്കത്തി എടുത്ത് ഹരിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഹരിയുടെ കൈക്ക് മൂന്ന് വെട്ടുകളേറ്റു. സംഭവത്തിന് പിന്നാലെ നിലത്ത് വീണ ഹരിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നാലെ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് പ്രതിക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഇരുവരും തമ്മിലുണ്ടായ മുന്‍ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പും ഇരുവരും ബാലഗ്രാം ടൗണില്‍ വച്ച് ഏറ്റുമുട്ടിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.