VIDEO| കാട്ടാനയ്‌ക്ക് മുന്നിൽ കൈകൂപ്പി നിന്ന് അഭ്യാസം; പിഴ ചുമത്തി വനംവകുപ്പ് - കാട്ടാനയെ ശല്യം ചെയ്‌ത് മനുഷ്യൻ
ധർമപുരി (തമിഴ്‌നാട്) : ആന നാട്ടിലിറങ്ങി മനുഷ്യരെ ശല്യം ചെയ്യുന്നതും വീടുകൾ നശിപ്പിക്കുന്നതുമായ വാർത്തകൾ നാം ധാരാളം കാണാറുണ്ട്. ചില സമയങ്ങളിൽ കാട്ടാനകൾ റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്താറുമുണ്ട്. എന്നാൽ വെറുതെ നിന്ന കാട്ടാനയെ അങ്ങോട്ട് ചെന്ന് ശല്യം ചെയ്യുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ആനയെ കണ്ട് റോഡിന്‍റെ എതിർവശത്ത് നിന്നും ഒരാൾ ആനയ്‌ക്കടുത്തേക്ക് ചെന്ന് കൈകൂപ്പി തൊഴുത് നിൽക്കുന്നതാണ് വീഡിയോ. ആനയ്‌ക്കുണ്ടോ ഇത് എന്തെങ്കിലും മനസിലാകുന്നു. ആന ഇയാളെ കണ്ട് അൽപ്പം പുറകിലേക്ക് നീങ്ങി. എന്നാൽ ആനയെ വെറുതെ വിടാൻ തയ്യാറാകാതെ വീണ്ടും ഇയാൾ ആനയ്‌ക്കരികിലേക്ക് ചെന്ന് കൈകൂപ്പി വണങ്ങുകയാണ്.
തൊട്ടടുത്തേക്ക് വരുന്ന മനുഷ്യനെ കണ്ട് ആന വീണ്ടും പിന്നിലേക്ക് നീങ്ങി. മനുഷ്യനെ തുരത്താൻ കാല് കൊണ്ട് മണ്ണ് തെറിപ്പിച്ച് ഭയപ്പെടുത്താനൊക്കെ ആന ശ്രമിച്ചെങ്കിലും ഇയാൾ വിടുന്ന ലക്ഷണമില്ല. ഇത് കണ്ട് ചുറ്റുമുള്ളവർ ഉറക്കെ നിലവിളിച്ച് ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ധർമപുരി ജില്ലയിലെ പെണ്ണഗരത്തിന് തൊട്ടടുത്തുള്ള ഹൊഗനക്കൽ റോഡിലാണ് സംഭവം. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് ആളുകൾ പറയുന്നത്.
കാട്ടാനകളെ ഇതുപോലെ ശല്യം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വനംവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടാനയെ ശല്യം ചെയ്‌തയാളെ തിരിച്ചറിഞ്ഞതായും 10,000 രൂപ പിഴ ചുമത്തിയതായും വനംവകുപ്പ് അറിയിച്ചു.