Tomato Theft | തക്കാളിക്ക് പൊന്നുംവില ; ഹെൽമെറ്റ് ധരിച്ചെത്തി കവര്‍ന്നത് മൂന്ന് പെട്ടികള്‍, ദൃശ്യം പുറത്ത് - ഹെൽമെറ്റ് ധരിച്ചെത്തി തക്കാളി മോഷണം
ഹൈദരാബാദ്:തക്കാളിക്ക് ഉയര്‍ന്ന വിലയായതിനാല്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടെങ്കിലും അതിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് ആശങ്കയായിരിക്കുകയാണ്. തെലങ്കാനയിൽ ഹെൽമെറ്റ് ധരിച്ചെത്തിയയാള്‍ കടയിൽ നിന്ന് തക്കാളി മോഷ്‌ടിച്ചു. സഹീറാബാദിലെ പച്ചക്കറി മാർക്കറ്റിലാണ് സംഭവം. ഇവിടുത്തുകാരനായ ഒരു കർഷകൻ വെള്ളിയാഴ്‌ച 40 പെട്ടി തക്കാളി വിൽക്കാനായി മാർക്കറ്റിൽ എത്തിച്ചിരുന്നു. ശേഷം ശനിയാഴ്‌ച മൊത്തലേലം നടക്കുന്നതിനാൽ പെട്ടികൾ മാർക്കറ്റിലെ തന്നെ കമ്മിഷൻ ഏജന്‍റിന്‍റെ കടയിൽ സൂക്ഷിച്ചു. എന്നാൽ അർധരാത്രിയ്‌ക്ക് ശേഷം, ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്‌ടാവ് കടയിൽ നിന്ന് മൂന്ന് പെട്ടി തക്കാളി കവരുകയായിരുന്നു. മോഷണ ദൃശ്യം കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 10,000 രൂപയുടെ തക്കാളിയാണ് മോഷ്‌ടിക്കപ്പെട്ടതെന്ന് കമ്മിഷൻ ഏജന്‍റ് പറഞ്ഞു. കർഷകന്‍റെയും കമ്മിഷൻ ഏജന്‍റിന്‍റെയും പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തക്കാളിക്ക് രാജ്യത്ത് വില ഉയർന്നതിന് ശേഷം നിരവധി മോഷണക്കേസുകളാണ് ഇത്തരത്തിൽ പലയിടങ്ങളിലായി രജിസ്‌റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
also read :Tomatoes stolen | 4 ക്വിന്‍റല്‍ തക്കാളി മോഷണം പോയി; പരാതിയുമായി മഹാരാഷ്‌ട്രയിലെ കര്‍ഷകന്‍