ATM Counter Blast| ചെക്ക് ബൗണ്‍സിങ് ചാര്‍ജ് ഈടാക്കിയതിലുള്ള വൈരാഗ്യം; എടിഎമ്മിൽ പടക്കമെറിഞ്ഞ പ്രതി പിടിയിൽ
തൃശൂർ : തൃശൂരില്‍ സ്വകാര്യ ബാങ്കിന്‍റെ എടിഎം കൗണ്ടറിലേക്ക് പടക്കമെറിഞ്ഞ പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി രജീഷ് ആണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. തൃശൂര്‍ കണിമംഗലത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ചെക്ക് ബൗണ്‍സിങ് ചാര്‍ജ് ഈടാക്കിയതിലുള്ള വെെരാഗ്യമാണ് പടക്കമെറിയാന്‍ കാരണമെന്നാണ് പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെ തൃശൂര്‍ പാട്ടുരായ്ക്കലിലെ ഇസാഫ് സ്‌മാൾ ഫിനാന്‍സ് ബാങ്കിന്‍റെ എടിഎം കൗണ്ടറിലേക്കാണ് ഇയാള്‍ പടക്കമെറിഞ്ഞത്. പ്രതി മറ്റൊരു സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ ബെെക്ക് ലോണ്‍ എടുത്തിരുന്നു. ഇതിന്‍റെ അടവ് മുടങ്ങിയതോടെ ചെക്ക് ബൗണ്‍സിങ്ങ് ചാര്‍ജ് ഈടാക്കി.
ഇതോടെ അക്കൗണ്ടില്‍ 1700 രൂപ മെെനസ് ബാലൻസ് വന്നു. ഇതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഇത് ചോദ്യം ചെയ്യാൻ ബാങ്കിലെത്തിയ പ്രതിയോട് ജീവനക്കാർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെങ്കിലും രോക്ഷാകുലനായി ബാങ്ക് ജീവനക്കാരോട് കയർത്തുകൊണ്ട് ഇയാൾ അവിടെ നിന്ന് മടങ്ങുകയായിരുന്നു.
പിന്നീട് പുറത്തിറങ്ങിയ പ്രതി സമീപത്തെ എടിഎം കൗണ്ടറിലേക്ക് ചൈനീസ് പടക്കം കത്തിച്ച് എറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ എടിഎമ്മിനകത്ത് കയറി പുറത്തിറങ്ങി നിന്നതിന് ശേഷം കയ്യിലിരുന്ന പടക്കം അകത്തേക്ക് എറിയുകയും, സെക്കന്‍റുകൾക്കകം പടക്കം പൊട്ടിത്തെറിക്കുന്നതും വ്യക്‌തമാണ്.
അക്കൗണ്ട് വിവരങ്ങളും, സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നുമാണ് പത്തനംതിട്ട സ്വദേശി രജീഷ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. മൊബെല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ തൃശൂർ കണിമംഗലത്ത് നിന്നും പിടിയിലാകുന്നത്. മൂന്ന് മാസമായി രജീഷ് കണിമംഗലത്ത് വാടകയ്ക്ക് താമസിച്ച് പ്ലംബിങ് ജോലി ചെയ്‌ത് വരികയാണ്.