താനൂർ ബോട്ട് അപകടം: ബോട്ട് ഉടമ നാസറിന്‍റെ വാഹനം കസ്റ്റഡിയിലെടുത്തു - boat owner nasers vehicle in kochi
ഏറണാകുളം : താനൂരിൽ 22 പേർ മരിക്കാനിടയായ അപകടം നടന്ന ബോട്ടിന്‍റെ ഉടമയുടെ വാഹനം കൊച്ചിയിൽ കണ്ടെത്തി. അപകടത്തിന് പിന്നാലെ ബോട്ടുടമ ഒളിവിൽ പോയിരുന്നു. അറ്റ്ലാന്‍റിക് ബോട്ടിന്‍റെ ഉടമ നാസറിന്‍റെ വാഹനമാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. എന്നാൽ, നാസർ ഈ വാഹനത്തിൽ ഉണ്ടായിരുന്നില്ല.
അതേസമയം, നാസറിന്‍റെ സഹോദരനും സഹായിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. ഇരുവരും കൊച്ചിയിലെത്തിയത് പ്രതി നാസറിന് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് അഭിഭാഷകരെ കാണാനെന്നാണ് സൂചന.
എന്നാൽ, ഇവരുടെ കയ്യിൽ നാസർ ഉപയോഗിച്ചിരുന്ന ഫോൺ ഉണ്ടായിരുന്നു. ഈ നമ്പർ പിന്തുടർന്നാണ് പൊലീസ് വാഹനം പിടികൂടിയത്. നിലവിൽ പാലാരിവട്ടം സ്റ്റേഷനിലാണ് നാസറിന്‍റെ വാഹനമുള്ളത്.
മത്സ്യബന്ധന ബോട്ട് രൂപം മാറ്റി സവാരി ബോട്ട് ആക്കി സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ബോട്ട് യാത്ര നടത്തിയിരുന്നത്. 20 ആളുകൾ മാത്രം കയറാൻ ശേഷിയുള്ള ബോട്ടില്‍ കൂടുതൽ ആളുകൾ കയറിയതോടെ അമിത ഭാരത്താൽ ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രക്ഷാപ്രവർത്തനം നാട്ടുകാരാണ് ആദ്യം ആരംഭിച്ചത്. ബോട്ട് ചെളിയിൽ മുങ്ങിയതും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്‌ടിച്ചു.