കോൺഗ്രസ് സ്‌ത്രീ വിരുദ്ധത; പ്രതിഷേധവുമായി തെരുവിലിറങ്ങി വനിതാ നേതാവ് - പ്രതിഷേധം
Published : Dec 31, 2023, 5:09 PM IST
|Updated : Dec 31, 2023, 7:38 PM IST
കോട്ടയം:കോൺഗ്രസിന്‍റെ സ്‌ത്രീ വിരുദ്ധതയ്‌ക്കെതിരെ പ്രത്യക്ഷ സമരവുമായി മഹിള കോൺഗ്രസ് നേതാവ്. മഹിള കോൺഗ്രസ് കോട്ടയം ജില്ല ജനറൽ സെക്രട്ടറി ഡോ. ജെസി മോൾ ജേക്കബാണ് കോട്ടയം കെഎസ്ആർടിസിക്ക് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയത് (Mahila Congress leader protest against Congress). പാർട്ടി പുനഃസംഘടനയിൽ ഏറ്റുമാനൂരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ആളെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റാക്കിയതിൽ പ്രതിഷേധിച്ചാണ് മഹിള കോൺഗ്രസ് നേതാവിന്‍റെ സമരം. പാർട്ടിയിലെ സ്‌ത്രീ വിരുദ്ധ നിലപാടിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് മഹിളാ കോൺഗ്രസ് നേതാവ് പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഏറ്റുമാനൂർ നഗരസഭയിൽ മത്സരിച്ച തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ച വ്യക്തിയെ മണ്ഡലം പ്രസിഡന്‍റായി നിയമിച്ച് കൂടുതൽ സ്ഥാനമാനങ്ങൾ നൽകിയെന്നും ഇയാൾക്കെതിരെ പാർട്ടി ഉന്നത നേതാക്കൾക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഡോ. ജെസി മോൾ ജേക്കബ് പറയുന്നു. തന്‍റെ ആരോപണം അന്വേഷിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ പാർട്ടി ഉന്നതസ്ഥാനത്ത് നിയോഗിച്ചത് കോൺഗ്രസിന്‍റെ സ്‌ത്രീ വിരുദ്ധതയാണെന്നും മഹിള കോൺഗ്രസ് നേതാവ് ആരോപിച്ചു. സ്‌ത്രീകൾ പാർട്ടിയിലേക്ക് വരേണ്ടെന്നാണോ നേതൃത്വം പറയുന്നതെന്നും ഡോ. ജെസി മോൾ ജേക്കബ് ചോദിച്ചു.