Mahesh Narayanan | 'സിനിമകൾ വ്യത്യസ്‌തമാവണമെന്ന് ആഗ്രഹിക്കുന്നു'; നേട്ടത്തില്‍ അതിയായ സന്തോഷമെന്ന് മഹേഷ് നാരായണൻ - സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ
എറണാകുളം:അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന്, മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മഹേഷ് നാരായണൻ. 'അറിയിപ്പ്' എന്ന സിനിമയിലൂടെയാണ് മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. സംവിധായകന് പുറമെ, മികച്ച ശബ്‌ദ മിശ്രണത്തിനുള്ള പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.
സുഹൃത്തുക്കളായ പലർക്കും പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. സ്വന്തം സിനിമകൾ വ്യത്യസ്‌തമായി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും മഹേഷ് നാരായണൻ പറഞ്ഞു. തന്‍റെ ചിത്രങ്ങളായ അറിയിപ്പ്, മാലിക്ക്, ടേക്ക് ഓഫ് തുടങ്ങിയവയെല്ലാം വ്യത്യസ്‌തമാണ്. അറിയിപ്പ് ഒരു തിയേറ്ററിക്കൽ സിനിമയല്ല.
പതിനേഴ് വർഷങ്ങൾ ശേഷം ലുക്കാർനോയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ്. ഇതിനകം പതിനഞ്ചോളം മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നാട്ടിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തിന് വലിയ സന്തോഷമുണ്ടെന്നും മഹേഷ് നാരായണൻ വ്യക്തമാക്കി.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.