VIDEO | ലോറിയില്‍ നിന്നഴിഞ്ഞുവീണ കയര്‍ കുരുങ്ങി മധ്യവയസ്‌കന്‍ മരിച്ച സംഭവം : നടുക്കുന്ന ദൃശ്യം പുറത്ത്
കോട്ടയം : ലോറിയില്‍ നിന്ന് കയര്‍ അഴിഞ്ഞുവീണ് കാലില്‍ കുരുങ്ങി കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. കടപ്പന സ്വദേശി മുരളിയാണ് (50) ഇന്നലെ (ജൂലൈ 16) പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മുരളി ലോറിയില്‍ നിന്ന് അഴിഞ്ഞുവീണ കയറില്‍ കുടുങ്ങുകയായിരുന്നു. മുരളിയെ വലിച്ചിഴച്ച് മീറ്ററുകളോളം ലോറി മുന്നോട്ട് പോയി. അപകടത്തില്‍ മുരളിയുടെ വലതുകാല്‍ അറ്റുപോയി.വലിച്ചിഴച്ചുകൊണ്ട് പോകുന്നതിനിടെ പോസ്റ്റിലിടിച്ചതാണ് കാല്‍ അറ്റുപോകാന്‍ കാരണമായത്. ലോറിയിലെ കയറില്‍ കുടുങ്ങിയ ഇദ്ദേഹം റോഡിലേക്ക് തെറിച്ച് വീഴുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.അപകടത്തിന് പിന്നാലെ മുരളി സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മുരളിയെ റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശി ജീവരാജയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അപകടം നടന്നത് അറിയില്ലായിരുന്നുവെന്നാണ് ഇയാളുടെ മൊഴി.
also read:എരുമേലിയില്‍ കാര്‍ 30 അടി താഴ്‌ചയിലേക്ക് മറിഞ്ഞു ; 22 കാരന്‍ കൊല്ലപ്പെട്ടു