മലപ്പുറത്ത് അമിതലോഡുമായി വന്ന ലോറി മറിഞ്ഞു; ഡ്രൈവർ പരിക്കുകളില്ലാതെ അത്‌ഭുതകരമായി രക്ഷപ്പെട്ടു
Published : Jan 14, 2024, 10:55 PM IST
മലപ്പുറം: മലപ്പുറം പുത്തനത്താണി തിരുനാവായ റോഡിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. അപകടത്തിൽ ഡ്രൈവർ പരിക്കുകളില്ലാതെ അത്‌ഭുതകരമായി രക്ഷപ്പെട്ടു. അമിത ലോഡുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. പുത്തനത്താണി തിരുന്നാവായ ചേരുലാൽ കയറ്റത്തിൽ വച്ചാണ് സംഭവം. മെറ്റൽ കയറ്റി പോവുകയായിരുന്ന ലോറി ഭാരം താങ്ങാനാകാതെ പുറകോട്ടു വരികയും, തുടർന്ന് റോഡിന് കുറുകെ തലകീഴായി മറിയുകയുമായിരുന്നു. അപകടത്തിൽ റോഡിന് കുറുകെ മറിഞ്ഞ ലോറി, രാവിലെ വരെ സ്ഥലത്ത് ഗതാഗതം തടസപ്പെടുത്താൻ ഇടയാക്കിയിരുന്നു. ആലപ്പുഴയിലേക്ക് മെറ്റലുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തിയിരുന്നു. ശേഷം വേണ്ട നടപടികൾ സ്വീകരിയ്‌ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പട്ടര്‍നടക്കാവില്‍ നിന്നും കുട്ടികളത്താണി, ബാവപ്പടി എന്നീ സ്ഥളങ്ങളിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. സ്ഥലത്ത് ക്രെയിൻ എത്തിയ ശേഷം രാവിലെ 8.30 ഓടെ ആണ് സ്ഥലത്ത് ഗതാഗതം പുനസ്ഥാപിയ്‌ക്കാൻ ആയത്. ലോറിയുടെ പുറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവാക്കാൻ ആയതെന്ന് പൊലീസ് പറഞ്ഞു.