നയനമനോഹരം ഈ കാഴ്‌ച..!; വിനോദ സഞ്ചാരികളുടെ കണ്ണെത്താതെ കുതിരകുത്തി മല - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
ഇടുക്കി:വിനോദ സഞ്ചാരത്തിന്‍റെ അനന്തസാധ്യത തുറക്കുന്ന ഇടമാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ കുതിരകുത്തി മല. ഉയരത്തില്‍ നിന്നുള്ള പരന്നകാഴ്‌ചകള്‍ തന്നെയാണ് കുതിരകുത്തിയെ സവിശേഷമാക്കുന്നത്. വിനോദ സഞ്ചാരസാധ്യതകളെ പ്രയോജനപ്പെടുത്തിയാല്‍ മൂന്നാറിലേയ്‌ക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാക്കി കുതിരകുത്തി മലയെ മാറ്റാം.
മാമരങ്ങള്‍ക്ക് മീതെ മലമുകളില്‍ നിന്നുള്ള വിദൂരകാഴ്‌ചയാണ് കുതിരകുത്തിമലയുടെ പ്രത്യേകത. മലമുകളില്‍ ചെറുമരങ്ങള്‍ തണല്‍ തീര്‍ത്ത് നില്‍ക്കുന്നു. ഇടയ്‌ക്കിടെ കുളിര്‍ തീര്‍ത്ത് കാറ്റും വന്നുപോകും. ദൂരേക്ക് നോക്കി മനോഹരമായ കാഴ്‌ചകള്‍ കണ്ടങ്ങനെ നില്‍ക്കുക എന്നത് തന്നെ കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ഒന്നാണ്. നീരൊഴുക്ക് കുറഞ്ഞ പെരിയാര്‍ അങ്ങ് താഴെ ദൂരേക്കൊഴുകി പോവുന്നതും കാണാം. ആകാശ ദ്യശ്യം കണക്കെയുള്ള കരിമണല്‍ പവര്‍ ഹൗസിന്‍റെ കാഴ്‌ചയും മനോഹരം തന്നെ.
ദൂരെ തൊടുപുഴ പട്ടണത്തിന്‍റെ വിദൂര കാഴ്‌ച പൊട്ടുകണക്കെ കാണാം. പേരറിയാവുന്നതും അറിയാത്തതുമായ മലനിരകള്‍ ഒന്നിന് പിറകില്‍ ഒന്നായി പരന്നുകിടക്കുന്നു. പ്രദേശവാസികളെയൊഴിച്ചാല്‍ വിനോദസഞ്ചാരികളായി കാര്യമായി മാറ്റാരും ഇവിടേക്ക് കടന്നുവരാറില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ വിനോദ സഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്തിയാല്‍ കുത്തിരകുത്തിയെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളിലൊന്നാക്കി മാറ്റാം. കുതിരകുത്തിമലയുടെ തൊട്ടരികിലാണ് തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. ജലനിരപ്പുയരുന്നതോടെ കാഴ്‌ചകള്‍ക്ക് ഭംഗിയേറും.