കേരളം

kerala

കുങ്കിയാനകളുടെ താവളം മാറ്റാന്‍ നീക്കം

ETV Bharat / videos

ചിന്നക്കനാലിലെ കുങ്കിയാനകള്‍ക്ക് കാട്ടാന ശല്യം ; താവളം മാറ്റാന്‍ നീക്കവുമായി വനം വകുപ്പ് - kerala news updates

By

Published : Apr 15, 2023, 1:54 PM IST

ഇടുക്കി : ജില്ലയിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനായി വയനാട്ടില്‍ നിന്ന് ചിന്നക്കനാലില്‍ എത്തിച്ച കുങ്കിയാനകളുടെ താവളം മാറ്റാനൊരുങ്ങി വനം വകുപ്പ്. നിലവില്‍ കുങ്കിയാനകളെ തളച്ചിരിക്കുന്ന സിമന്‍റ്പാലത്തെ സ്വകാര്യ എസ്‌റ്റേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതും കുങ്കികളെ കാണാന്‍ ജനതിരക്കേറിയതും കാട്ടാനകളെത്തി കുങ്കികളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും കണക്കിലെടുത്താണ് താവളം മാറ്റാന്‍ വനം വകുപ്പിന്‍റെ തീരുമാനം. ഏതാനും ദിവസം മുമ്പ് അരിക്കൊമ്പന്‍ എസ്‌റ്റേറ്റിലെത്തി കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.  

ശാന്തന്‍പാറയിലെ ഗൂഡംപാറ എസ്റ്റേറ്റ്, 302 കോളനി എന്നിവിടങ്ങളാണ് വനം വകുപ്പിന്‍റെ പരിഗണനയിലുള്ളത്. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി താത്‌കാലികമായി മാറ്റാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ക്യാമ്പിന്‍റെ ചുമതലയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ചു. 

റോഡിൽ നിന്നും അര കിലോമീറ്ററിലധികം അകത്തുള്ള സ്ഥലത്തേക്കാണ് കുങ്കിയാനകളെ മാറ്റുന്നത്. അതിനാൽ സന്ദർശകരെ ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ദൗത്യ സംഘത്തിലുള്ളവർക്ക് താമസ സൗകര്യവും ഒരുക്കണം. ദൗത്യം നടത്തുന്ന ദിവസം കുങ്കിയാനകളെ വീണ്ടും ചിന്നക്കനാലിൽ എത്തിക്കും.

അരിക്കൊമ്പനെ പൂട്ടാന്‍ ചിന്നക്കനാലിലെത്തിയ കുങ്കിയാനകള്‍ :ചിന്നക്കനാല്‍, ശാന്തന്‍ പാറ എന്നീ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനായി നാല് കുങ്കിയാനകളെയാണ് ചിന്നക്കനാലില്‍ എത്തിച്ചത്. അരിക്കൊമ്പനെ പൂട്ടാന്‍ ആദ്യം ചിന്നക്കനാലില്‍ എത്തിയത് മുത്തങ്ങയില്‍ നിന്നുള്ള വിക്രമായിരുന്നു.  

ചിന്നക്കനാലിലേക്കുള്ള ആദ്യ എന്‍ട്രി വിക്രമിന്‍റേത് :മാര്‍ച്ച് 20 നാണ് വിക്രത്തിനെ ചിന്നക്കനാലില്‍ എത്തിച്ചത്. മാര്‍ച്ച് 19ന് മുത്തങ്ങയില്‍ നിന്ന് വനം വകുപ്പിന്‍റെ ലോറിയിലാണ് വിക്രമിനെ എത്തിച്ചത്. വടക്കനാട് കൊമ്പന്‍ എന്നാണ് വിക്രത്തിന്‍റെ മറ്റൊരു പേര്. വയനാട് ജില്ലയിലെ വടക്കനാട് എന്ന സ്ഥലത്തെ ജനവാസ മേഖലയിലെത്തി ആക്രമണങ്ങള്‍ പതിവാക്കിയ കൊമ്പനായിരുന്നു ഈ ആന. 

നാട്ടുകാരുടെ പേടി സ്വപ്‌നമായിരുന്ന ഈ കാട്ടുകൊമ്പന്‍ വടക്കനാട്  കൊമ്പന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുങ്കിയാനകളുടെ സഹായത്തോടെ വടക്കനാട് കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കു‌കയും മെരുക്കുകയും ചെയ്‌തു. അങ്ങനെയാണ് വടക്കനാട് കൊമ്പന്‍ വിക്രമായത്.  

രണ്ടാമനായി സൂര്യനുമെത്തി : വിക്രത്തിനെ ചിന്നക്കനാലില്‍ എത്തിച്ചതിന് ശേഷം മാര്‍ച്ച് 22ന് സൂര്യനെയും കൊണ്ടുവന്നു. അരിക്കൊമ്പനെ പോലെ ജനവാസ മേഖലകളിലെത്തി ആക്രമണം നടത്തുന്ന കാട്ടാനകളെ പിടികൂടുന്ന നിരവധി ഓപ്പറേഷനുകളില്‍ പങ്കെടുത്ത കുങ്കിയാനയാണ് സൂര്യന്‍. വയനാട് ആര്‍ആര്‍ടി വനംവകുപ്പ് റേഞ്ച് ഓഫിസര്‍ അടക്കമുള്ള ആറംഗ സംഘവും സൂര്യനൊപ്പം ചിന്നക്കനാലിലെത്തിയിരുന്നു.  

കോന്നി സുരേന്ദ്രനും കുഞ്ചുവും ഒന്നിച്ചെത്തി : മാര്‍ച്ച് 25നാണ് കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലില്‍ എത്തിയത്. അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തില്‍ അപ്പോഴേക്കും എതിര്‍പ്പുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിരുന്നു. കോടതി വിധി കാത്തിരിക്കുന്നതിനിടെയാണ് കോന്നി സുരേന്ദ്രന്‍റെയും കുഞ്ചുവിന്‍റെയും വരവ്.

ABOUT THE AUTHOR

...view details