AI Fraud Case | 'അറിയാത്തവരുടെ റിക്വസ്‌റ്റ് സ്വീകരിക്കരുത്' ; എഐ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ മുന്നറിയിപ്പുമായി പൊലീസ് - വീഡിയോ കോളിലൂടെ പണം തട്ടി
കോഴിക്കോട് : നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവത്തിൽ വിശദാംശങ്ങളും മുന്നറിയിപ്പും നല്‍കി പൊലീസ്. രാജ്യത്ത് ഈ രീതിയിലുള്ള തട്ടിപ്പ് ഇതാദ്യമാണ്. കോമൺ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ഒരു ഫോൺ ഹാക്ക് ചെയ്‌ത്
അതുവഴി ഗ്രൂപ്പിലുള്ളവരുടെ വിശദാംശങ്ങൾ എടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് ഡിസിപി കെ.ഇ ബൈജു പറഞ്ഞു. തട്ടിപ്പിനിരയായ ആള്‍ ഉൾപ്പെട്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ആരുടെയെങ്കിലും നമ്പർ ഹാക്ക് ചെയ്‌തിട്ടുണ്ടാകാം. ബാങ്കിന് പൊലീസ് റിപ്പോർട്ട് നൽകുന്നതോടെ പരാതിക്കാരന് പണം തിരിച്ചുകിട്ടും. തട്ടിപ്പ് നടത്തിയ ബാങ്ക് അക്കൗണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഡിസിപി പറഞ്ഞു. അക്കൗണ്ടിൽ വേറെയും പണം വന്നിട്ടുണ്ട്. അതുകൊണ്ട് ഗുജറാത്തിലുള്ള ബാങ്ക് ഇത് പരിശോധിച്ചുവരികയാണ്. ഗുജറാത്തിലെ അക്കൗണ്ടിലേക്കാണ് കൂടുതൽ പണം വന്നത്. ഗുജറാത്തിൽ നിന്ന് തട്ടിപ്പുകാർ പണം മഹാരാഷ്ട്രയിലെ ബാങ്കിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തു. തട്ടിപ്പ് സംഘം സമീപിച്ച മറ്റുള്ളവരുടെ മൊഴികൂടി രേഖപ്പെടുത്തും. ഫേസ്‌ബുക്കിൽ അറിയാത്തവരുടെ റിക്വസ്‌റ്റ് സ്വീകരിക്കരുതെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.