കടുത്തുരുത്തിയിൽ ശക്തമായ ഇടിമിന്നൽ : ആറ് വീടുകൾക്ക് കേടുപാടുകൾ, കോൺക്രീറ്റ് റോഡിൽ ഗർത്തം
Published : Nov 5, 2023, 10:11 AM IST
|Updated : Nov 5, 2023, 10:59 AM IST
കോട്ടയം : കടുത്തുരുത്തി ഞീഴൂരിൽ ഇന്നലെ (4.10.2023) ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്‌ച പുലർച്ചെ ഉണ്ടായ മിന്നലിൽ ആറോളം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത് (Kottayam Lightning). ഞീഴൂർ 13-ാം വാർഡിൽ പുന്നക്കൽ കുമാരി സരസപ്പൻ, സുകുമാരൻ പയ്യപള്ളി, ബൈജു മുകളേൽ, പ്രാമലോലിക്കൽ ത്രേസ്യാമ്മ എന്നിവരുടെ വീടുകളിലെ മീറ്ററും, വയറിംഗും, ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് മിന്നലേറ്റ് കത്തി നശിച്ചത്. ഇതിൽ സരസപ്പന്‍റെ വീടിനാണ് ഏറ്റവുമധികം നാശനഷ്‌ടം ഉണ്ടായിട്ടുള്ളത്. വീട്ടിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കത്തി നശിച്ചതിന് പുറമെ ശക്തമായ മിന്നലിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകരുകയും മതിലിന്‍റെ തൂണുകൾ വിണ്ടുകീറുകയും ഉണ്ടായി. മുറ്റത്തെ രണ്ട് തെങ്ങുകൾക്കും ഇടിമിന്നലേറ്റു. തെങ്ങിൽ ഉണ്ടായിരുന്ന കുരുമുളക് ചെടിയും നശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്‌ടമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇവരുടെ വീടിന് മുൻവശത്തെ പഞ്ചായത്ത് കോൺക്രീറ്റ് റോഡിൽ ഒന്നര മീറ്ററോളം വീതിയിൽ കോൺക്രീറ്റ് തെറിച്ചുപോയി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ദിലീപ്, മെമ്പർമാരായ കെ പി ദേവദാസ്, ശരത് ശശി, വില്ലേജ് ഓഫിസർ ജോർജ് എന്നിവർ സന്ദർശിച്ചു.