കേരളം

kerala

Metro Ticket can book through Whata aap

ETV Bharat / videos

ഇനി ക്യൂ നില്‍ക്കേണ്ട ; കൊച്ചി മെട്രോയും ഡിജിറ്റല്‍, ടിക്കറ്റ് ഇനി വാട്ട്‌സ്‌ആപ്പില്‍

By ETV Bharat Kerala Team

Published : Jan 10, 2024, 1:43 PM IST

എറണാകുളം : കൊച്ചി മെട്രോ യാത്രക്കാർക്കായി വാട്ട്സ്‌ആപ്പ് ടിക്കറ്റ് സംവിധാനം ആരംഭിച്ചു. കെ.എം.ആർ.എൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചലച്ചിത്രതാരം മിയ ജോർജ് വാട്ട്സാപ്പ് ടിക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതൽ കൊച്ചി മെട്രോ യാത്രക്കാർക്ക് വാട്ട്സാപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുക, ഇ പേയ്‌മെന്‍റുകള്‍ വർദ്ധിപ്പിക്കുക, ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കി യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാസാഹചര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാട്ട്സാപ്പ് ടിക്കറ്റ് തുടങ്ങിയത്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വാട്ട്‌സ്ആപ്പ് നമ്പറായ 9188957488 എന്നതിലേക്ക് ഹായ് എന്ന സന്ദേശമയച്ചാൽ യാത്രക്കാർക്ക്  വാട്ട്‌സ്ആപ്പ് വഴി ഡിജിറ്റൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. സാധാരണ സമയങ്ങളിൽ വാട്ട്സാപ്പ് വഴി വാങ്ങുന്ന മൊബൈൽ QR-ൽ യാത്രക്കാർക്ക് 10% കിഴിവും തിരക്കില്ലാത്ത സമയങ്ങളിൽ 50% കിഴിവും (രാവിലെ 5.45 മുതൽ രാവിലെ 7 വരെയും രാത്രി 10 മുതൽ 11 വരെയും) യഥാർത്ഥ നിരക്കിൽ നിന്ന് ലഭിക്കും. ഈ സംരംഭം ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുകയും പേപ്പർ രഹിത ടിക്കറ്റിംഗ് വർദ്ധിപ്പിക്കുകയും ചെയ്യും.

വാട്ട്‌സ്ആപ്പ് ക്യുആർ ടിക്കറ്റുകൾ വാങ്ങുന്നതിന് യാത്രക്കാർ ചെയ്യേണ്ടത് കെ എം ആർ എൽ വാട്ട്‌സ്ആപ്പ് നമ്പർ 9188957488  ഫോണിൽ സേവ് ചെയ്യുക. ഈ നമ്പറിലേക്ക് വാട്ട്‌സ്ആപ്പിൽ "ഹായ്" എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക, തുടര്‍ന്ന് ക്യുആര്‍ ടിക്കറ്റ്, ബുക്ക് ടിക്കറ്റ് എന്നീ ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്യുക. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ തിരഞ്ഞെടുത്ത ശേഷം യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി പണമടയ്ക്കാം. തുടര്‍ന്ന് ഡിജിറ്റല്‍ ടിക്കറ്റ് വാട്‌സ്ആപ്പ് വഴി ലഭിക്കും. ഈ ടിക്കറ്റില്‍ അരമണിക്കൂറിനകം യാത്ര ചെയ്യണം. 

ഒരേസമയം ആറ് പേര്‍ക്കുള്ള ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. കെ എം ആർ എൽ ചുമതല ഏറ്റെടുത്തത് മുതൽ സോഷ്യൽ മീഡിയയിലൂടെ ടിക്കറ്റ് ലഭ്യമാക്കണമെന്ന ആവശ്യം പലരും തന്നോട് ഉന്നയിച്ചിരുന്നുവെന്ന് എം.ഡി. ലോക് നാഥ് ബെഹ്റ‌ പറഞ്ഞു. എന്നാൽ ആദ്യഘട്ടത്തിൽ താൻ ഇതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ലെങ്കിലും, ആവശ്യം ശക്തമാവുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

Also Read: കൊച്ചി മെട്രോയില്‍ ക്രിസ്‌മസ് ആഘോഷം; 'മെറി മെട്രോ 2023'ന് മെഗാ കരോൾ ഗാന മത്സരത്തോടെ തുടക്കം

കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയ്‌ക്ക് പുറമെ ബസുകളിലും ഫീഡർ ബസുകളിലും ഫീഡർ ഓട്ടോ റിക്ഷകളിലും യാത്ര ചെയ്യുന്നതിനായി കൊച്ചി -1 കാർഡ് ഉപയോഗിക്കാനായി കെ എം ആർ എല്ലും ടിക്കറ്റിംഗ് പങ്കാളിയായ ആക്‌സിസ് ബാങ്കും ശ്രമം തുടങ്ങിയിട്ടുണ്ട്. 2024ൽ കൊച്ചി മെട്രോയിൽ പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. മെട്രോയ്ക്കും വാട്ടർ മെട്രോയ്ക്കും വേണ്ടിയുള്ള ഇന്‍റര്‍ ഓപ്പറബിൾ ടിക്കറ്റുകളും കൊച്ചി മെട്രോ അവതരിപ്പിക്കും. എണ്ണം വർധിപ്പിക്കുന്നതിനായി യാത്രക്കാർക്ക് പ്രയോജനപ്രദമായ മറ്റ് പദ്ധതികളും അവതരിപ്പിക്കും. 

ABOUT THE AUTHOR

...view details