'മോദി കൂടിക്കാഴ്ചയ്ക്ക് വിളിച്ചത് മഹത്വത്തോടെ കാണുന്നു'; ക്ഷണത്തില്‍ മറ്റ് മാനങ്ങളില്ലെന്ന് ക്നാനായ മെത്രാപ്പൊലീത്ത
കോട്ടയം:പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണാൻ ക്ഷണിച്ചതിൽ മറ്റ് മാനങ്ങളില്ലെന്ന് ക്നാനായ സുറിയാനി സഭ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സെവേരിയോസ്. നേരിട്ടുകാണാൻ പ്രധാനമന്ത്രി ക്ഷണിച്ചു. അതിനാലാണ് പോകുന്നതെന്നും മറ്റ് കാര്യങ്ങളൊന്നുമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു.
കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച അതിന്റേതായ മഹത്വത്തിൽ കാണുന്നു. സഭയ്ക്ക് ലഭിച്ച ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ കാണും. രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും പുരോഗതിക്കായി പ്രവർത്തിക്കാന്‍ വേണ്ട ചിന്തകൾ നൽകും. ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഐക്യത്തോടെ സമാധാനത്തോടെ രാജ്യത്ത് കഴിയണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
'വികസനത്തിന് സഭയുടെ പൂർണ പിന്തുണ':ദുരിതത്തിൽ കഴിയുന്ന കർഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്ന് കുര്യാക്കോസ് മാർ സെവേരിയോസ് വ്യക്തമാക്കി. റബ്ബർ കർഷകരുടെ വിഷയത്തിൽ ഉൾപ്പെടെ സർക്കാരിന് കഴിയുന്നത് ചെയ്യണം. കൃഷി നഷ്ടം വരാതിരിക്കാൻ കർഷകർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണം. വന്യമൃഗ ആക്രമണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. മനുഷ്യരുടെ സംരക്ഷണം ഉറപ്പുവരുത്താനാകണം പ്രഥമ പരിഗണന. വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ നല്‍കും.
ശബരിമല വിമാനത്താവളം വിഷയത്തിൽ ഉൾപ്പെടെ സർക്കാറിന് സഭയുടെ പിന്തുണ കൊടുക്കും. പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട് ആരും ഇതുവരെയും സഭയെ സമീപിച്ചിട്ടില്ല. ക്നാനായ സുറിയാനി സഭയ്ക്ക് രാഷ്ട്രീയത്തിൽ ഔദ്യോഗിക നിലപാടില്ല. സഭയിൽപ്പെട്ട നിരവധി പേർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നു. അതാത് കാലത്തെ സർക്കാറുകൾക്ക് പൂർണ പിന്തുണ നൽകുന്നതാണ് സഭാനിലപാട് എന്നും ക്നാനായ സുറിയാനി സഭ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സെവേരിയോസ് പറഞ്ഞു.