ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പ് : കെസി ജോസഫ്
കോട്ടയം :ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പെന്ന് കെസി ജോസഫ്. അതീവ ഗൗരവകരമായ സാഹചര്യമാണ് ബിജെപി സൃഷ്‌ടിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസ് പ്രവർത്തിക്കണം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനാണ് രാഷ്ട്രീയ കാര്യ സമിതി ചേരണം എന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം ആദ്യം പറഞ്ഞത് കെ മുരളീധരനും രമേശ് ചെന്നിത്തലയുമാണ്. അവർ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ഇക്കാര്യത്തിൽ അപക്വമായ ഒരു പ്രസ്‌താവനയും നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് തന്‍റേത് അപക്വമായ പ്രസ്‌താവനയാണെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞത് എന്ന് അറിയില്ലെന്നും കെസി ജോസഫ് പറഞ്ഞു.
അപക്വമാണെന്ന് പറഞ്ഞെങ്കിൽ പോലും തന്‍റെ നിർദേശം പാർട്ടി സ്വീകരിച്ചു എന്നാണ് കരുതുന്നത്. ഇതിന്‍റെ ഫലമാണ് മുടങ്ങിക്കിടന്ന കെപിസിസി രാഷ്‌ട്രീയ കാര്യസമിതി ചേരാൻ തീരുമാനമെടുത്തത്. കെ സുധാകരനുമായി തനിക്ക് പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. പാംപ്ലാനി ബിഷപ്പിനെ സുധാകരൻ ഇപ്പോഴെങ്കിലും കണ്ടത് നല്ല കാര്യമെന്നും കെസി ജോസഫ് പറഞ്ഞു.
അതേസമയം ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം യുഡിഎഫിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും കെ സി ജോസഫ് പറഞ്ഞു. അദ്ദേഹം ഒരിക്കലും ഒരു ഗ്രൂപ്പ് നേതാവല്ല. കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാർക്കും, യുഡിഎഫിലെ എല്ലാ കക്ഷി നേതാക്കൾക്കും ആശ്രയിക്കാൻ കഴിയുന്ന വ്യക്‌തിയാണെന്നും കെസി ജോസഫ് കൂട്ടിച്ചേർത്തു.