Kalamassery Blast 'പാമ്പിന് വിഷം വായില്‍, തേളിന് വാലിലും...' രാജീവ് ചന്ദ്രശേഖറിനെയും എംവി ഗോവിന്ദനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല
Published : Oct 31, 2023, 12:59 PM IST
തിരുവനന്തപുരം:കളമശ്ശേരി സ്ഫോടനത്തിൽ (Kalamassery Blast) സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും (MV Govindan) കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും (Rajeev Chandrasekhar) വർഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). കളമശ്ശേരി സ്ഫോടനത്തിൽ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചത് കോൺഗ്രസും യുഡിഎഫുമാണ്. സംഭവത്തെ വര്‍ഗീയ വത്കരിക്കാനുള്ള നീക്കം ആരംഭിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ചേര്‍ന്നാണ്. പാമ്പിന് വായിൽ വിഷവും തേളിന് വാലിൽ വിഷവും എന്നതാണ് ഇവർ തമ്മിലുള്ള വ്യത്യാസം. രാജീവ് ചന്ദ്രശേഖറും എം വി ഗോവിന്ദനും ഇത് ഗൂഢലക്ഷ്യത്തോടെയാണ് കണ്ടത്. ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയത്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് നേതാക്കള്‍ ശ്രമിച്ചത്. അത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ എംവി ഗോവിന്ദനെ വെള്ളപൂശി സ്വീകരിക്കുന്ന നിലപാട് തെറ്റാണ്. ഇരുവരുടെയും പ്രതികരണങ്ങള്‍ ഒരു പോലെ വിമര്‍ശിക്കപ്പെടേണ്ടതാണ്. സർവകക്ഷി യോഗത്തിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. രണ്ട് നിലപാടിനെയും കോണ്‍ഗ്രസ് തള്ളിയതാണെന്നും കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവനിൽ ഇന്ദിര അനുസ്മരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞു.