'സിനിമ റിവ്യൂ നല്ലത്, തിയേറ്ററിൽ ആളെയെത്തിക്കേണ്ടത് സംവിധായകരുടെയും നിർമാതാക്കളുടെയും ഉത്തരവാദിത്തം': കലാഭവന്‍ ഷാജോണ്‍
Published : Nov 10, 2023, 5:37 PM IST
എറണാകുളം:സിനിമ റിവ്യൂ നല്ലതാണെന്ന് നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. എല്ലാ പ്രേക്ഷകർക്കും എല്ലാ സിനിമകളും തിയേറ്ററിലെത്തി കാണുവാൻ സാധിക്കുന്ന സാഹചര്യമല്ല ഉള്ളത്. നാട്ടിലെ എല്ലാവരുടെയും സാമ്പത്തിക സ്ഥിതി മെച്ചമല്ല. അതുകൊണ്ടുതന്നെ സിനിമ കാണാൻ പ്രേക്ഷകർ തീരുമാനിക്കുമ്പോൾ സിനിമയുടെ റിവ്യൂ നോക്കുന്നത് സ്വാഭാവികമാണെന്നും സിനിമ റിവ്യൂ ചെയ്യുന്നതിന് ആരെയും വിലക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് മനപ്പൂർവം സിനിമയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മാത്രമാണ്. നല്ല സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ ജനങ്ങൾ ഇപ്പോഴത്തെ മനോഭാവം മാറ്റുക തന്നെ ചെയ്യും. നല്ല സിനിമകൾ നൽകി ജനങ്ങളെ തിയേറ്ററിൽ എത്തിക്കേണ്ടത് സംവിധായകരുടെയും നിർമാതാക്കളുടെയും ഉത്തരവാദിത്തമാണ്. ഒരു നല്ല സിനിമയെ മോശം റിവ്യൂവിലൂടെ ഒരിക്കലും തകർക്കാനാകില്ലെന്നും സിനിമ തിയേറ്ററിൽ കാണണമോ ഒടിടിയിൽ കാണണമോ എന്നത് ഇപ്പോൾ ജനങ്ങൾ തീരുമാനിക്കുന്നുണ്ടെന്നും ഷാജോണ്‍ പറഞ്ഞു. എല്ലാവരുടെയും വീട്ടിൽ മിനി ഹോം തിയേറ്റർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തീയേറ്ററിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കുറഞ്ഞു. പക്ഷേ സിനിമ തിയേറ്ററിലിരുന്ന് ആസ്വദിക്കുന്ന എക്‌സ്‌പീരിയൻസ് മറ്റൊരു സംവിധാനത്തിലൂടെയും ലഭിക്കുകയില്ല. അത് ജനങ്ങൾക്ക് കൃത്യമായി അറിയാം. നല്ല സിനിമകൾ നിര്‍മിക്കുക എന്നുള്ളത് മാത്രമാണ് പ്രതിവിധിയെന്നും മിമിക്രി അസോസിയേഷൻ ഒടിടിയിലൂടെ പുറത്തിറക്കുന്ന മെഗാ ഷോ ജോക്സ്പോട്ടിന്‍റെ ടൈറ്റിൽ ലോഞ്ചിനിടെ ഷാജോണ്‍ മനസുതുറന്നു.
Also Read: കലാഭവൻ ഹനീഫിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ