മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കും: മന്ത്രി കെ രാധാകൃഷ്‌ണന്‍
Published : Dec 27, 2023, 3:31 PM IST
|Updated : Dec 27, 2023, 11:01 PM IST
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. സന്നിധാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് ഉണ്ടായത്. മകരവിളക്കിനായി 30 ന് നട തുറക്കുമ്പോള്‍ ഭക്തരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. മകരവിളക്കിന്‍റെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ അടക്കം മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ചര്‍ച്ച നടത്തിയെന്നും ഇനിയും ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ 25ന് രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര സമാപിച്ചിരുന്നു. ഇന്നലെ അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയിരുന്നു. ഇന്ന് രാത്രി 11 മണിക്ക് ഹരിവരാസനം പാടി ശബരിമല നട അടക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.