ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; വ്യാജ മാധ്യമപ്രവർത്തകന്‍ പിടിയില്‍
കൊല്ലം: പ്രസാര്‍ ഭാരതിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ വ്യാജ മാധ്യമപ്രവർത്തകന്‍ കരുനാഗപ്പള്ളിയിൽ പിടിയിൽ. കല്ലേലിഭാഗം സ്വദേശി ബിജുവാണ് അറസ്‌റ്റിലായത്. ജോലി വാഗ്‌ദാനം ചെയ്‌ത് മൂന്ന് പേരിൽ നിന്നായി 23 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
കാട്ടില്‍കടവ് സ്വദേശി പ്രസേനിൽ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാര്‍ത്തികേയൻ എന്നിവരില്‍ നിന്നുമായി 23 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പ്രസാർ ഭാരതിയില്‍ ക്ലർക്കായി ജോലി വാങ്ങി നല്‍കാമെന്ന പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വർഷം ജൂണിലാണ് പരാതിക്കാരുടെ കയ്യിൽ നിന്നും പ്രതി പണം വാങ്ങിയത്.
മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെയാണ് പണം നൽകിയവര്‍ തട്ടിപ്പ് മനസിലാക്കിയത്. ഇവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി വണ്ടി ചെക്ക് നല്‍കി വഞ്ചിച്ചു. തുടര്‍ന്നാണ് ഇവർ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്.
കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്. പ്രതി, സമാന രീതിയില്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്നും പ്രതിയുടെ കൂട്ടാളികളെ കുറിച്ചും പൊലീസ് പരിശോധിച്ചു വരികയാണ്. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന മുമ്പും പ്രതി പലരുടേയും കയ്യിൽ നിന്നും പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. വഞ്ചനക്കുറ്റമടക്കം ചുമത്തിയാണ് പൊലീസ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്.