ഇന്ത്യ - ഓസ്‌ട്രേലിയ ടി20 മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം; ഇനി വെറും മണിക്കൂറുകൾ മാത്രം
Published : Nov 26, 2023, 5:51 PM IST
|Updated : Nov 26, 2023, 6:00 PM IST
തിരുവനന്തപുരം:മഴപ്പേടി മാറി, മാനം തെളിഞ്ഞു... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ - ഓസ്‌ട്രേലിയ ടി20 മത്സരം ആരംഭിക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം (India vs Australia 2nd T20 match at Karyavattom greenfield stadium). രാത്രി 7 മണി മുതലാണ് മത്സരം. നാല് മണി മുതൽ തന്നെ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. സ്റ്റേഡിയത്തിന് പുറത്ത് ജെഴ്‌സി, കൊടിതോരണങ്ങളുടെ വില്‌പന തകൃതിയാണ്. മുഖത്ത് ദേശീയപതാക വരച്ചാണ് കാണികൾ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. മുൻ മത്സരങ്ങളെ പോലെ ചെണ്ടമേളമോ, പ്രിയ താരങ്ങളുടെ കട്ട്ഔട്ടുകളോ ഒന്നും തന്നെ ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ ഇടം പിടിച്ചില്ല. ഇന്നലെ ജില്ലയിൽ മഴ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് നല്ല തെളിഞ്ഞ കാലാവസ്ഥയാണ്. അതുകൊണ്ട് തന്നെ മഴ കളിമുടക്കുമോ എന്ന ആശങ്കയുമില്ല. 40000ത്തോളം കാണികൾക്ക് മത്സരം കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെങ്കിലും 20000ത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇതിനോടകം വിറ്റ് പോയത്. മാത്രമല്ല വിരാട് കോലി, രോഹിത് ശർമ്മ അടക്കമുള്ള സീനിയർ താരങ്ങളുടെ ആഭാവവും കാണികളെ നിരാശയിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ട് പ്രകടനം ഇന്നും ആവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകർ.