കേരളം

kerala

ഇടുക്കിയിലേക്കൊരു ചൂളംവിളി, തേനി- ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ്, ട്രയൽ റൺ വിജയകരം

By

Published : Mar 31, 2023, 9:36 AM IST

ബോഡിനായ്ക്കന്നൂർ

ഇടുക്കി: കേരളത്തിന്‍റെ അതിർത്തി ഗ്രാമമായ ബോഡിനായ്ക്കന്നൂരിലേക്ക് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസിന്‍റെ അവസാനത്തെ ട്രയല്‍ റണ്‍ വിജയകരം.‍ ‍തേനി സ്റ്റേഷനില്‍ നിന്ന് റെയില്‍വേ ജീവനക്കാരെയും വഹിച്ചു കൊണ്ട് 3 കോച്ചുകളുള്ള ട്രെയിന്‍ ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷനിലെത്തി. തേനി മുതല്‍ ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷന്‍ വരെയുള്ള 17 കിലോമീറ്റര്‍ ബ്രോഡ്ഗേജ് പാതയുടെ ശേഷി പരിശോധിക്കുന്നതിനാണ് ട്രയൽ റൺ നടത്തിയത്.

റെയില്‍വേ സൗത്ത് സോണ്‍ സുരക്ഷ കമ്മിഷണറുടെ മേല്‍നോട്ടത്തിലായിരുന്നു ട്രയല്‍ റണ്‍. ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷനില്‍ നാട്ടുകാര്‍ക്ക് ട്രെയിനിന്‍റെ അകത്ത്‍ കയറി കാണുന്നതിനും അവസരം നല്‍കിയിരുന്നു. കഴിഞ്ഞ മേയ് മുതല്‍‍ ചെന്നെെയില്‍ നിന്നും മധുര വഴി തേനിയിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷന്‍ വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ഉടന്‍ അന്തിമ വിജ്ഞാപനമിറങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതിന് ശേഷം ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.

പല ഘട്ടമായാണ് ബോഡിനായ്ക്കന്നൂര്‍ വരെയുള്ള ബ്രോഡ്ഗേജ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 23 ചെറിയ പാലങ്ങളും 3 പ്രധാന പാലങ്ങളും നിര്‍മിച്ചു. ബോഡിനായ്ക്കന്നൂര്‍ വരെയുള്ള മീറ്റര്‍ഗേജ് പാതയില്‍ 13 വര്‍ഷം മുന്‍പ് ഗുഡ്‌സ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. ഇടുക്കിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ ബോഡിനായ്ക്കന്നൂരിലേക്ക് വീണ്ടും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിൽ മലയോരം ഏറെ പ്രതീക്ഷയിലാണ്.

ABOUT THE AUTHOR

...view details