കോബ്ര വാരിയറില്‍ യുകെ, ഫിന്‍ലന്‍ഡ് പോര്‍വിമാനങ്ങള്‍ക്കൊപ്പം പറന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഐഎഫ് മിറാഷ് 2000 - Royal Air Force Typhoons
ന്യൂഡല്‍ഹി:ഫിന്നിഷ് എയർഫോഴ്‌സ് F18, റോയൽ എയർഫോഴ്‌സ് ടൈഫൂൺ എന്നിവയ്‌ക്കൊപ്പം പറന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഐഎഫ് മിറാഷ് 2000. യുകെയില്‍ നടക്കുന്ന കോബ്ര വാരിയര്‍ പരിപാടിയിലാണ് ഐഎഫ് മിറാഷ് 2000 ഫിന്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളിലെ യുദ്ധ വിമാനങ്ങള്‍ക്കൊപ്പം വ്യോമാഭ്യാസങ്ങളില്‍ പങ്കെടുത്തത്. യുണൈറ്റഡ് കിങ്‌ഡത്തിലുള്ള റോയൽ എയർഫോഴ്‌സിന്‍റെ വാഡിങ്‌ടണ്‍ എയർഫോഴ്‌സ് ബേസ് ക്യാമ്പിലാണ് വ്യോമാഭ്യാസ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഫ്രാന്‍സിന്‍റെ ദസാള്‍ട്ട് ഏവിയേഷൻ ആണ് മിറാഷ് 2000 നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന ഒന്നാണ് മിറാഷ് വിമാനങ്ങള്‍. റഫാൽ യുദ്ധവിമാനങ്ങൾ ഏറ്റെടുക്കുന്നതിന് മുന്‍പ് വരെ ഇന്ത്യയുടെ മുൻനിര യുദ്ധവിമാനമായിരുന്നു മിറാഷ് 2000. ഇവയ്‌ക്ക് പരമാവധി 59,000 അടി ഉയരത്തിൽ പറക്കാൻ കഴിയും.
1999 ലെ കാർഗിൽ യുദ്ധത്തിലും 2019 ഫെബ്രുവരിയിൽ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യന്‍ വ്യോമസേന മിറാഷ് 2000 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡ് വ്യോമസേനയുടെ യുദ്ധവിമാനമാണ് കോബ്ര വാരിയര്‍ വ്യോമാഭ്യാസത്തില്‍ ഐഎഫ് മിറാഷ് 2000-നൊപ്പം പറന്ന F18. 1995-2000 കാലഘട്ടത്തിലാണ് F18 പോര്‍വിമാനങ്ങള്‍ ഫിന്‍ലന്‍ഡ് വ്യോമസേനയ്‌ക്കൊപ്പം ചേര്‍ന്നത്. യൂറോപ്യൻ മൾട്ടിനാഷണൽ ട്വിൻ എഞ്ചിൻ യുദ്ധ വിമാനമാണ് യുകെയുടെ റോയല്‍ എയര്‍ ഫോഴ്‌സ് ടൈഫൂൺ.