Kollam Murder | യുവതിയെ കായലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് : ഭർത്താവ് 8 വർഷങ്ങൾക്ക് ശേഷം പിടിയിൽ - kollam murder
കൊല്ലം : ഭാര്യയെ കായലിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ. തേവലക്കര സ്വദേശി അബ്‌ദുൽ ഷിഹാബ് ആണ് ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. 2015 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. വാളക്കോട് സ്വദേശി ഷജീറയെ കല്ലുമ്മൂട്ടിൽ കടവിൽ വച്ചാണ് ഷിഹാബ് അപായപ്പെടുത്തിയത്. ഷിഹാബിന്‍റെ രണ്ടാം ഭാര്യയാണ് ഷജീറ. സൗന്ദര്യം ഇല്ല എന്ന പേരിൽ ഷിഹാബ് ഷജീറയെ സ്ഥിരം മാനസികമായി പീഡിപ്പിച്ചിരുന്നു. 2015 ജൂൺ 15 ന് കരിമീൻ വാങ്ങാൻ എന്ന പേരിലാണ് ഷജീറയെ കല്ലുമ്മൂട്ടിൽ കടവിൽ എത്തിച്ചത്. ശേഷം കായലിലേക്ക് തള്ളിയിട്ടു. ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ഷിഹാബ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. പിന്നാലെ ഷജീറയ്‌ക്ക് ചികിത്സ നൽകുന്നത് വൈകിപ്പിക്കാനും ഷിഹാബ് ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ശാസ്‌താംകോട്ട പൊലീസ് അന്വേഷിച്ചിരുന്ന കേസ് കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് 2017 ലാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇഴഞ്ഞു നീങ്ങിയ അന്വേഷണം ഈ അടുത്താണ് വേഗത്തിലാക്കിയത്. ഷിഹാബിനെ ആദ്യം മുതൽ സംശയമുണ്ടായിരുന്നുവെന്നും പിടികൂടിയതിൽ സന്തോഷമുണ്ടെന്നും ഷജീറയുടെ അമ്മ പറഞ്ഞു. ഉദ്‌ഘാടനങ്ങൾക്കും മറ്റും സിനിമ - സീരിയൽ താരങ്ങളെ എത്തിക്കുന്ന ജോലിയായിരുന്നു ശിഹാബ് ചെയ്‌തിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഷിഹാബിനെ റിമാൻഡ് ചെയ്‌തു.