'അങ്ങേയ്‌ക്ക് കോടി പ്രണാമം' ; ഹൃദയഹാരിയായ അനൗൺസ്‌മെന്‍റുമായി കോൺഗ്രസ് ബ്ലോക്ക് നേതാവ്
തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിലെ അതികായന്‍ ഉമ്മന്‍ചാണ്ടിക്ക് യാത്രാമൊഴിയേകി തിരുവനന്തപുരം. വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം ഒരു നോക്കുകാണാനായി ജനക്കൂട്ടം കാത്തുനില്‍ക്കുകയാണ്. അതേസമയം ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത ഹൃദയഹാരിയായി അറിയിച്ചുകൊണ്ട് വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വെഞ്ഞാറമ്മൂട് ജംഗ്ഷനിൽ നടത്തിയ വാഹന അനൗൺസ്‌മെന്‍റ് ഏവരുടെയും മനസിൽ തട്ടുന്നതായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി എം എസ് ബിനുവാണ് ഹൃദയം തൊടുന്ന വാക്കുകൾ കൊണ്ട് ആളുകളില്‍ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമകളെ തൊട്ടുണർത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മുഖ്യമന്ത്രിക്ക് കേരളം അന്തിമോപചാരമര്‍പ്പിക്കുകയാണ്. അനേകായിരങ്ങൾ ഒഴുകിയെത്തിയ തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ കോട്ടയത്തേക്ക് പുറപ്പെട്ടു. പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ വിലാപ യാത്രയെ അനുഗമിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസിയുടെ എസി ലോ ഫ്ലോർ ബസിലാണ് ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപ യാത്ര ജന്മനാട്ടിലെത്തുക. തുടര്‍ന്ന് ഡിസിസി ആസ്ഥാനത്തും തിരുനക്കര മൈതാനത്തും നടക്കുന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. അതിനുശേഷമാണ് ഭൗതിക ശരീരം പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കുക.
ALSO READ :ഉമ്മന്‍ ചാണ്ടിക്ക് കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം; കോട്ടയത്തേക്കുള്ള വിലാപ യാത്ര ആരംഭിച്ചു